
ഡൽഹിയെ നരേലാ മേഖലയിൽ പത്തുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. രാഹുൽ, ദേവദത്ത് എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി കാണാതായ പെൺകുട്ടിയുടെ മൃതദേഹം തല തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി കളിക്കാനിറങ്ങിയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശവാസിയായ പ്രതികളിലൊരാള്‍ കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടുവെന്ന നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ദേവദത്തിനൊപ്പം ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, കൂട്ടബലാത്സംഗം, പോക്‌സോ കേസ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.