
ജാർഖണ്ഡിൽ എക്സൈസ് കോൺസ്റ്റബിൾമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശാരീരിക പരിശോധനയ്ക്കിടെ പതിനൊന്ന് ഉദ്യോഗാർഥികൾ മരിച്ചതായി ജാർഖണ്ഡ് പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് 22 ന് റാഞ്ചി, ഗിരിദിഹ്, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിംഗ്ഭും, സാഹെബ്ഗഞ്ച് ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിൽ വെച്ചായിരുന്നു ഫിസിക്കൽ ടെസ്റ്റുകൾ നടന്നത്.
പലാമുവിൽ ടെസ്റ്റിനിടെ നാല് പേരും, ഗിരിദിഹ്, ഹസാരിബാഗ് എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും റാഞ്ചിയിലെ ജാഗ്വാറിലും ഈസ്റ്റ് സിംഗ്ഭൂമിലെ മൊസാബാനി, സാഹെബ്ഗഞ്ച് കേന്ദ്രങ്ങളിലും ഒരാൾ വീതവും മരിച്ചതായി ഐജി അമോൽ വി ഹോംകർ അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
അധികൃതരുടെ കെടുകാര്യസ്ഥത മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്ന് ആരോപിച്ച് റാഞ്ചിയിൽ സർക്കാരിനെതിരെ പ്രതിഷേധം നടന്നിരുന്നു. എന്നാൽ എല്ലാ കേന്ദ്രങ്ങളിലും മെഡിക്കൽ ടീമുകൾ, മരുന്നുകൾ, ആംബുലൻസ്, മൊബൈൽ ടോയ്‌ലറ്റുകൾ, കുടിവെള്ളം എന്നിവ ഉൾപ്പെടെ മതിയായ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുള്ളതായി ഹോംകർ അറിയിച്ചു.