
മണിപ്പൂരിൽ വീണ്ടും സംഘർഷം. ജിരിബാം ജില്ലയിൽ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പതിനൊന്ന് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ കുക്കി വിഭാഗക്കാരാണെന്നാണ് നിഗമനം. അസം അതിർത്തി ജില്ലകളിൽ കുക്കി വിഭാഗക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി സിആർപിഎഫ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
ജിരിബാമിലെ പൊലീസ് സ്‌റ്റേഷന് നേരെ കുക്കി വിമതർ ഇരുവശത്തു നിന്നും വൻ ആക്രമണം നടത്തിയതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊലീസ് സ്‌റ്റേഷനോട് ചേർന്നുള്ള വീടിനുള്ളിൽ കുടിയിറക്കപ്പെട്ടവർക്കായി ദുരിതാശ്വാസ ക്യാമ്പും പ്രവർത്തിക്കുന്നുണ്ട്. ആക്രമികൾ ക്യാമ്പും ലക്ഷ്യമിട്ടിരിക്കാമെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ജിരിബാമിലെ ബോറോബെക്രയിലെ ഈ പൊലീസ് സ്റ്റേഷൻ കഴിഞ്ഞ മാസങ്ങളിൽ നിരവധി തവണ ആക്രമികൾ ലക്ഷ്യമിട്ടിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിന് ശേഷം, ജനവാസ മേഖലയായ ജാകുരാദോർ കരോങിലും ആക്രമണം അഴിച്ചുവിടുകയും, വീടുകൾക്ക് തീയിടുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി പരസ്പരം വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച മുതൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ ജിരിബാമിൽ സംഘർഷാവസ്ഥ തുടരുകയാണ്.
കഴിഞ്ഞയാഴ്ച കൃഷിയിടത്ത് പണിയെടുത്തുകൊണ്ടിരുന്ന മെയ്തെയ് വിഭാഗക്കാത്തിൽപെട്ട സ്ത്രീയെ കുക്കി വിഭാഗക്കാർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരു കർഷകനും പരുക്കേറ്റിരുന്നു. തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ ഭയന്ന് വിളവെടുപ്പ് കാലത്ത് കർഷകർ കൃഷിയിടങ്ങളിലേക്ക് പോകാൻ മടിക്കുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.