ഇന്ന് ഡിസംബർ 4. ഇന്ത്യയുടെ ചരിത്രത്തിൽ, ഭരണഘടനയുടെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ട്, അധികാരത്തിൻ്റെ ഏറ്റവും ഉയർന്ന പീഠത്തിനെതിരെ നിവർന്നുനിന്ന ഒരു ന്യായാധിപൻ്റെ ഓർമ ദിവസം. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ വിടപറഞ്ഞിട്ട് ഇന്ന് 11 വർഷം.
വർഷം 1975. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കെതിരെ, 1971-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്നാരോപിച്ച് അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഈ വിധി പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും, ആറു വർഷത്തേക്ക് ഇന്ദിരയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. ഇന്ദിരാ ഗാന്ധി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. അവധിക്കാല ബെഞ്ചിന് മുമ്പാകെ കേസ് എത്തി. ആ ബെഞ്ചിലുണ്ടായിരുന്നത് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ നിമിഷമായിരുന്നു അത്. ഒരു വശത്ത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ ശക്തയായ പ്രധാനമന്ത്രി. മറുവശത്ത്, ഭരണഘടനയുടെ തത്വങ്ങളിൽ വിശ്വസിക്കുന്ന, നിയമത്തിന് മുമ്പിൽ എല്ലാവരും തുല്യരാണെന്ന് വിശ്വസിക്കുന്ന ന്യായാധിപൻ, വി.ആർ. കൃഷ്ണയ്യർ.
ആ സമയം, ഭാര്യക്ക് ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട് കൃഷ്ണയ്യർ വല്ലാത്ത മാനസിക പ്രയാസത്തിലായിരുന്ന കാലമാണ്. സുഹൃത്തും കേന്ദ്ര മന്ത്രിയുമായ ഗോഖലെ അന്ന് ജസ്റ്റിസ് കൃഷ്ണയ്യരെ ഫോണിൽ വിളിച്ച്, നേരിട്ട് കാണാം എന്നു പറഞ്ഞു. അത്തരമൊരവസ്ഥയിൽ ആരും വരാനേ പറയൂ. പക്ഷേ, വരേണ്ടതില്ല എന്നാണ് കൃഷ്ണയ്യർ പറഞ്ഞത്. കാരണം, സ്വാധീനിക്കാൻ ശ്രമമുണ്ടാകും. അപ്പീൽ സമർപ്പിക്കപ്പെട്ടതിനെ തുടർന്ന് ജൂൺ 24-ന് കേസിൽ വാദം കേട്ടു. ആറു മണിക്കൂറിലധികം നീണ്ട വാദം വൈകിട്ട് ആറിനാണ് പൂർത്തിയായത്.
അന്ന് രാത്രി കൃഷ്ണയ്യർ വിധിയെഴുതി, പിറ്റേന്നു മൂന്നു മണിക്ക് വിധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ഇന്ദിരാ ഗാന്ധിയുടെ ആവശ്യം തള്ളി, കണ്ടീഷണൽ സ്റ്റേ അനുവദിച്ചു... ഇന്ദിരാ ഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാം. എന്നാൽ, ലോക്‌സഭയിലെ വോട്ടിംഗ് അവകാശം അവർക്ക് ഉണ്ടായിരിക്കില്ല.
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ എടുത്ത നിലപാട് അന്ന് ലോകം ശ്രദ്ധിച്ചു. ആ വിധി, ഭരണഘടനയുടെ മൗലിക തത്വങ്ങൾ ഉയർത്തിപ്പിടിച്ചു. അധികാരത്തിന് അതിൻ്റേതായ പരിധിയുണ്ട് എന്നും, നിയമം ഭരണഘടനയുടെ പരമാധികാരിയാണ് എന്നും ലോകത്തോട് വിളിച്ചു പറയുകയായിരുന്നു.നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ ശ്രദ്ധേയമായ ഒരു വാചകം, ആ വിധി ശരിവെച്ചു, നിയമത്തിന് മുമ്പിൽ സാധാരണക്കാരനും പ്രധാനമന്ത്രിയും തുല്യരാണ്. നീതി എല്ലാവർക്കും ഒരുപോലെയാണ്.
സമീപകാലത്ത് പല സംഭവങ്ങൾ കേൾക്കുമ്പോൾ, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെപ്പോലെയുള്ള ന്യായാധിപൻമാരുടെ ആവശ്യകത നാട്ടിലെ സാധാരണക്കാർ ചിന്തിച്ചുപോയ നിരവധി മുഹൂർത്തങ്ങളുണ്ട്. ഇന്നും ഓരോ ഇന്ത്യക്കാരനേയും അദ്ദേഹം ഓർമിപ്പിക്കുന്നു, നീതിയുടെ സിംഹാസനത്തിൽ ഇരിക്കുന്ന ഒരു ന്യായാധിപന്, ഒരു രാജ്യത്തിൻ്റെ ഏറ്റവും വലിയ അധികാര കേന്ദ്രത്തെപ്പോലും തിരുത്താനുള്ള ശക്തിയുണ്ട്. ആ ധൈര്യമാണ് നീതിന്യായ വ്യവസ്ഥിതിയിൽ വിശ്വസിക്കുന്ന ഓരോരുത്തരെയും ഇന്നും പ്രചോദിപ്പിക്കുന്നത്.