പാഴാക്കി കളഞ്ഞത് 12 കോടി? 'ഓപ്പറേഷൻ അനന്ത' അനാസ്ഥയുടെ മറ്റൊരു പേര്

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ടി ജില്ലാ ഭരണകൂടത്തിൻ്റെയും സർക്കാരിൻ്റെയും ഏറ്റവും ശക്തമായ ഇടപെടലിൻ്റെ പോരായിരുന്നു 2015ലെ ഓപ്പറേഷൻ അനന്ത.
പാഴാക്കി കളഞ്ഞത് 12 കോടി? 'ഓപ്പറേഷൻ അനന്ത' അനാസ്ഥയുടെ മറ്റൊരു പേര്
Published on

കനത്ത മഴയെത്തുടർന്ന് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ടിയുള്ള ജില്ലാ ഭരണകൂടത്തിൻ്റെയും സർക്കാരിൻ്റെയും ഏറ്റവും ശക്തമായ ഇടപെടലിൻ്റെ പോരായിരുന്നു, 2015ലെ ഓപ്പറേഷൻ അനന്ത. എന്നാൽ ഇന്നത് അനാസ്ഥയുടെ മറ്റൊരു പേരായി മാറിയിരിക്കുന്നു. മാലിന്യ നിർമാർജ്ജനം മികച്ച രീതിയിൽ നടപ്പിലാക്കുമെന്ന ഉദേശത്തോടെയാണ് പദ്ധതി നിലവിൽ കൊണ്ടുവന്നത്. ഇതിൻ്റെ ഭാഗമായി മഴയെ തുടർന്നുള്ള വെള്ളം ശരിയായ തോതിൽ ഒഴുകിപ്പോകുന്നതിനായി ഓവുചാലുകളും തോടുകളും നവീകരിച്ചിരുന്നു. കൂടാതെ ഓടകൾക്ക് മേലെയുള്ള കെട്ടിടങ്ങളെല്ലാം ഇടിച്ചുമാറ്റി, ഓടകൾ വീതിയിൽ പണിതിരുന്നു. കെട്ടിടങ്ങളെല്ലാം ഇടിച്ചുമാറ്റി പഴയ ഓടകൾ പുനർനിർമിച്ചു.

തലസ്ഥാന നഗരിയിലെ എല്ലാ വെള്ളക്കെട്ട് പ്രശ്നങ്ങൾക്കും പരിഹാരമായാണ് ഇതു നടപ്പിലാക്കിയിരുന്നത്. കൂടാതെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങളായിരുന്നു. എന്നാൽ, പദ്ധതി കാലക്രമേണ നിഷ്‌ക്രിയമാകുകയായിരുന്നു. ഒരു ദശകത്തിലേറെക്കാലം തോടുകളിലും മറ്റ് ജലാശയങ്ങളിലും മാലിന്യങ്ങൾ കുമിഞ്ഞു കൂടാൻ തുടങ്ങിയതാണ്. അത് നീക്കാനുള്ള യാതൊരു നടപടിയും പിന്നീട് ഉണ്ടായിട്ടില്ല. അതിൻ്റെ പരിണിതഫലമാണ് ഇപ്പോഴുണ്ടായ അപകടം. തോട്ടിൽ മാലിന്യവും മണ്ണും നിറയുകയും നാളുകളായി അവ കെട്ടിക്കിടക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായത്.

12 വർഷമായി നിഷ്ക്രിയമായ പദ്ധതിക്കു വേണ്ടിയുള്ള ഫണ്ട് ചെലവഴിച്ചതൊക്കെ എവിടെ പോയെന്നത് വലിയൊരു ചോദ്യ ചിഹ്നമായി തുടരുകയാണ്. ഒൻപത് കോടിയോളം രൂപ ചെലവാക്കി നിർമിച്ച ക്യാമറകളും മറ്റും കാലഹരണപ്പെട്ടു പോയെന്ന വിശദീകരണമാണ് അധികാരികൾ നൽകുന്നത്. 25 കോടിയോളം രൂപ നവീകരണത്തിന് വകയിരുത്തിയിരുന്നു. എന്നാൽ, ആ തുക എവിടെപ്പോയെന്നും അതിൻ്റെ ഭാഗമായി എന്ത് മാറ്റമാണ് കൊണ്ടുവന്നതെന്നും ഇതുവരെ വ്യക്തമായിട്ടില്ല.

2016ൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് നൽകാത്തതും അധികാരികൾ പദ്ധതിക്ക് നേരെ കണ്ണടച്ചതും പിന്നീടുള്ള പ്രവർത്തനത്തിന് തടസം സൃഷ്ടിച്ചു. വകുപ്പുകളുടെ ഏകോപനമില്ലാത്തതും പ്രവർത്തനത്തെ താളം തെറ്റിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വർഷങ്ങളായി കുമിഞ്ഞ് കൂടുന്ന മാലിന്യങ്ങൾ ഒന്നിനുമേൽ ഒന്നായി കുമിഞ്ഞ് കൂടുകയും ചെയ്തു. അനാസ്ഥയുടെ തോതിൻ്റെ ഇരയാകേണ്ടി വന്നത് മാലിന്യം വൃത്തിയാക്കാനെത്തിയ റെയിൽവേ തൊഴിലാളിയാണ്.

കോടികൾ തോടിലൂടെ ഒഴുകിയപ്പോൾ ഒരു ജീവൻ ആ മാലിന്യക്കൂമ്പാരത്തിനടിയിൽ പെട്ട് കിടക്കുകയാണ്. വകുപ്പുകൾ തമ്മിൽ പരസ്പരം പഴിചാരുന്ന സ്ഥിരം കാഴ്ച തന്നെയാണ് ഈ ഘട്ടത്തിലും കാണാൻ സാധിക്കുന്നത്. അധികാരികളുടെ കണ്ണുതുറക്കാൻ ഒരു ജീവൻ ആ മാലിന്യ കൂമ്പാരത്തിന് ബലി നൽകേണ്ടി വന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com