

ഗുജറാത്തിൽ കടുത്ത പനി ബാധിച്ച് 12 പേർ മരിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലെ ലഖ്പത് താലൂക്കിൽ 12 വയസിന് താഴെയുള്ള നാല് കുട്ടികൾ ഉൾപ്പെടെ 12 പേരാണ് മരിച്ചത്. രോഗവും മരണകാരണവും കൃത്യമായി നിർണയിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. രോഗം വന്നതിന് ശേഷം ആളുകൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നതായും ഒരുചില ജില്ലാ പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.
എച്ച് 1 എൻ 1, പന്നിപ്പനി, ക്രിമിയൻ-കോംഗോ പനി, മലേറിയ, ഡെങ്കിപ്പനി എന്നിവയ്ക്കുള്ള സാധ്യത പരിശോധിക്കാൻ മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പാകിസ്താൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന താലൂക്കിൽ 22 നിരീക്ഷണ സംഘങ്ങളെയും ഡോക്ടർമാരെയും വിന്യസിച്ച് താമസക്കാരിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാനും മെഡിക്കൽ സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സേവനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും കച്ച് കളക്ടർ അമിത് അറോറ പറഞ്ഞു. മരണ കാരണം ന്യുമോണൈറ്റിസ് ആണെന്നാണ് പ്രാഥമിക നിഗമനം.
സനാന്ദ്രോ, മോർഗർ, ഭരവന്ദ് ഗ്രാമങ്ങളിൽ സെപ്റ്റംബർ മൂന്നിനും ഒമ്പതിനും ഇടയിൽ, 5 മുതല്‍ 50 വയസുവരെ പ്രായമുള്ള 12 പേരാണ് പനി ബാധിച്ച് മരിച്ചതായി കണക്കാക്കപ്പെടുന്നത്. പനി ബാധിച്ചവരെ നേരത്തെ ലഖ്പത് താലൂക്കിലെ വെർമാനഗർ ടൗണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ദയാപൂർ സി.എച്ച്.സി.യിലും ഒടുവിൽ ഭുജ് ജനറൽ ആശുപത്രിയിലും എത്തിച്ചുവെങ്കിലും പനി ഭേദമാകാതെ അവർ മരിക്കുകയാണ് ഉണ്ടായത്. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, രോഗികൾക്ക് പനി, ജലദോഷം, ചുമ, ന്യുമോണിയ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടായിരുന്നു. രോഗം കൃത്യമായി നിർണയിക്കാൻ ഡോക്ടർമാർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.