
ഛത്തീസ്‌ഗഡിൽ വീണ്ടും മാവോയിസ്റ്റ് വേട്ടയുമായി സുരക്ഷാ സേന. ബിജാപൂർ ജില്ലയിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ബിജാപൂരിലെ ഇന്ദ്രാവതി ദേശീയ പാർക്ക് വനമേഖലയിലാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ സുരക്ഷാ സേന മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്. ഇവിടെ നിന്ന് വൻതോതിൽ ആയുധ ശേഖരവും പിടികൂടിയിട്ടുണ്ട്. മരിച്ച ജവാന്മാരിൽ ഡിസ്ട്രിക്ട് റിസർവ് ഗാർഡിൽ നിന്നും ഒരാളും സ്പെഷ്യൽ ടാസ്ക് ഫോഴ്സിൽ നിന്നുള്ള ഒരാളുമാണ് ഉൾപ്പെടുന്നതെന്ന് ബസ്തർ ഐജി പി. സുന്ദർ രാജ് പറഞ്ഞു.
ഇന്ന് രാവിലെ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തവെയാണ് മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്ന് ആദ്യം വെടിവെപ്പുണ്ടായതെന്ന് ദൗത്യസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. തുടർന്ന് സുരക്ഷാ സേന തിരിച്ചും വെടിവെക്കുകയായിരുന്നു. ഈ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ജനുവരി ആറിന് ബിജാപൂരിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ സേനയുടെ വാഹനവ്യൂഹനത്തിന് നേരെയാണ് ബോംബ് ആക്രമണമുണ്ടായത്. എട്ട് ജവാൻമാരും ഒരു ഡ്രൈവറുമാണ് അന്ന് കൊല്ലപ്പെട്ടത്.
ഒരു സൈനിക ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ബസ്തർ മേഖലയിലെ കുട്രുവിൽ വെച്ച് ഐഇഡി ഉപയോഗിച്ച് മാവോയിസ്റ്റുകൾ സുരക്ഷാ സേനയുടെ സ്കോർപിയോ എസ്‌യുവി തകർത്തത്. സംസ്ഥാനത്തെ മാവോയിസ്റ്റുകളെ നേരിടാൻ രൂപീകരിച്ച പ്രത്യേക പൊലീസ് യൂണിറ്റായ ജില്ലാ റിസർവ് ഗാർഡിൽ നിന്നുള്ളവരായിരുന്നു കൊല്ലപ്പെട്ട എട്ടു പേരും.
നേരത്തെ അബുജ്മദ് മേഖലയിൽ സുരക്ഷാ സേന മാവോയിസ്റ്റുകളെ ആക്രമിക്കുകയും രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് വിമതരെ വധിക്കുകയും ചെയ്തിരുന്നു. എ.കെ. 47 ഉൾപ്പെടെയുള്ള ആയുധങ്ങളും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തിരുന്നു.