
മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വെടിവെയ്പ്പിൽ ഒരു പൊലീസുകാരനും ജവാനും പരുക്കേറ്റിട്ടുണ്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഛത്തീസ്ഗഡ് അതിർത്തിയോട് ചേർന്ന വന്ദോലി ഗ്രാമത്തിന് സമീപം 15 ഓളം മാവോയിസ്റ്റുകൾ ക്യാമ്പ് ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മഹാരാഷ്ട്ര പൊലീസിൻ്റെ നേതൃത്വത്തിൽ ഇന്നലെ ആറുണിയോടെയാണ് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ആരംഭിച്ചത്. ഉച്ചയ്ക്ക് തുടങ്ങിയ ഏറ്റുമുട്ടൽ ആറുമണിക്കൂറോളം നീണ്ടു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പക്കൽ നിന്ന് മൂന്ന് എ കെ-47 തോക്കുകൾ, കാർബൺ റൈഫിൾ, 2 ഇൻസാസ്, ഒരു എസ്എൽആർ എന്നിവയുൾപ്പെടെ നിരവധി ആയുധകങ്ങൾ കണ്ടെടുത്തു. തിപാഗഡ് ദളത്തിന്‍റെ നേതൃനിരയിലുള്ള ലക്ഷ്മൺ അത്രം എന്ന വിശാൽ അത്രം കൊല്ലപ്പെട്ടവരിൽ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ബാക്കി 11 പേരെ തിരിച്ചറിയാനായിട്ടില്ല. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.