
ചൂരൽമല നദിക്കരയിലെ 125 വീടുകൾ പൂർണമായി ഒലിച്ച് പോയെന്ന് എൻഡിആർഎഫ് രക്ഷാദൗത്യ മേധാവി അഖിലേഷ് കുമാർ. മുണ്ടക്കൈയിൽ ഇപ്പോൾ ഒരു കമ്പനി എൻഡിആർഎഫ് സംഘമാണുള്ളത്. മറ്റൊരു സംഘം ഉടൻ അവിടെ എത്തുമെന്നും അഖിലേഷ് കുമാർ അറിയിച്ചു.
ചൂരൽമല മണ്ണിടിച്ചിലിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികൾ വേഗത്തിലാക്കാനും, കൂടുതൽ ഫോറൻസിക് വിദഗ്ധരെ നിയോഗിക്കാനും ഇന്ന് ഓൺലൈനിലൂടെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
വയനാട്ടിൽ കനത്ത മഴയും മഴക്കെടുതികളും തുടരവെ, ജില്ലയിൽ 1726 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റിപാർപ്പിച്ചു. 7093 പേരാണ് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. 2605 പുരുഷന്മാരും, 2966 സ്ത്രീകളും 1522 കുട്ടികളുമാണ് വിവിധ ക്യാമ്പുകളിലായി താമസിക്കുന്നത്. കൂട്ടത്തിൽ 15 പേർ ഗർഭിണികളാണ്.
ഇന്നലെ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 160 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. രക്ഷാപ്രവർത്തനം ദുഷ്കരകരമായതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രാത്രി തെരച്ചിൽ നിർത്തിവെച്ചത്. നദിക്കു കുറുകെ താത്കാലികമായി നിർമിച്ച പാലത്തിലൂടെയായിരുന്നു ഇന്നലെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സ്ഥലത്ത് വൈദ്യുതി ഇല്ലാതിരുന്നതും കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്.