കൊലപാതകത്തിലേക്ക് നയിച്ചത് സ്‌നേഹം കുറഞ്ഞെന്ന തോന്നല്‍; വേദനയായി കണ്ണൂരിലെ കുഞ്ഞുങ്ങള്‍

തനിക്ക് ലഭിച്ചുകൊണ്ടിരുന്ന സ്‌നേഹം വിഭജിച്ച് പോകുമെന്ന ഭയമാണ് നാലുമാസം പ്രായമായ അനുജത്തിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് 12 കാരി പോലീസിനോട് സമ്മതിച്ചു
കൊലപാതകത്തിലേക്ക് നയിച്ചത് സ്‌നേഹം കുറഞ്ഞെന്ന തോന്നല്‍; വേദനയായി കണ്ണൂരിലെ കുഞ്ഞുങ്ങള്‍
Published on
Updated on

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12 വയസുകാരിയായ ബന്ധു. മരിച്ച കുഞ്ഞിന്റെ പിതൃ സഹോദരന്റെ മകളാണ് കൊലപാതകം നടത്തിയത്. ഇന്നലെ രാത്രിയാണ് തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രിയാണ് അമ്മയ്ക്കും അച്ഛനും ഒപ്പം ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാണാതാവുന്നത്. ശുചിമുറിയില്‍ പോയി തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കളോട് പറഞ്ഞത് 12 വയസുകാരിയായ കുട്ടി. മരിച്ച കുട്ടിയുടെ പിതൃ സഹോദരന്റെ മകളാണ് 12 കാരി. തുടര്‍ന്ന് സമീപവാസികളും വീട്ടുകാരും ചേര്‍ന്ന് തിരച്ചിലാരംഭിച്ചു. ഇതിനിടയില്‍ കിണറ്റില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കിണറിനുള്ളില്‍ കുട്ടിയെ കണ്ടു. അയല്‍വാസികളായ ബംഗാള്‍ സ്വദേശികള്‍ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു.

പോലീസെത്തി അന്വേഷണം തുടങ്ങി. അടച്ചിട്ട മുറിയിലേക്ക് വേറെ ആരും എത്തിയിട്ടില്ലെന്ന ദമ്പതികളുടെ മൊഴി നിര്‍ണായകമായി. പോലീസിന്റെ സംശയം 12 കാരിയിലേക്ക് നീണ്ടു. മാറ്റിയിരുത്തി പോലീസ് ചോദിച്ചപ്പോള്‍ എല്ലാം കുട്ടിത്തത്തോടെ തന്നെ അവള്‍ പറഞ്ഞു. കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റില്‍ എറിഞ്ഞെന്ന് സമ്മതിച്ചു. തനിക്ക് ലഭിച്ചുകൊണ്ടിരുന്ന സ്‌നേഹം വിഭജിച്ച് പോകുമെന്ന ഭയമാണ് നാലുമാസം പ്രായമായ അനുജത്തിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് 12 കാരി പോലീസിനോട് സമ്മതിച്ചു.

ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്‌നാട് അരിലൂര്‍ സ്വദേശികളായ ദമ്പതികള്‍ നാട്ടില്‍ നിന്നും കണ്ണൂരിലേക്ക് എത്തിയത് ഒന്നരമാസം മുന്‍പ്. നാലു മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിനൊപ്പം സഹോദരന്റെ 12 വയസുള്ള മകളെയും കൂടെ കൂട്ടിയാണ് ഇത്തവണ കണ്ണൂരിലേക്ക് എത്തിയത്. നേരത്തെ അമ്മ ഉപേക്ഷിച്ചു പോയതോടെ അച്ഛനൊപ്പമായിരുന്നു 12 വയസുകാരി. മൂന്ന് മാസം മുന്‍പ് അച്ഛനും മരിച്ചതോടെ കുട്ടിയുടെ സംരക്ഷണം ദമ്പത്തികള്‍ ഏറ്റെടുത്തു.

മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം കുട്ടിയെ തലശ്ശേരി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജറാക്കി. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com