ഹരിദ്വാറിൽ കൊല്ലപ്പെട്ട 13 വയസുകാരി നേരിട്ടത് ക്രൂരപീഡനം; കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് എസ്പി പ്രമേന്ദ്ര ദോഭാൽ അറിയിച്ചു
ഹരിദ്വാറിൽ കൊല്ലപ്പെട്ട 13 വയസുകാരി നേരിട്ടത് ക്രൂരപീഡനം; കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
Published on

ഹരിദ്വാറിൽ കൊല്ലപ്പെട്ട 13 വയസുകാരി മരിക്കുന്നതിന് മുൻപേ ക്രൂരപീഡനത്തിനിരയായെന്ന് പൊലീസ്. പ്രാദേശിക ബിജെപി പ്രവർത്തകനും കൂട്ടാളിയും ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് ദിവസം മുമ്പാണ് 13 വയസുകാരിയെ കാണാതാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പതഞ്ജലി ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള ബഹദ്രാബാദ് ഹൈവേയിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

കേസിലെ പ്രധാന പ്രതിയായ ആദിത്യരാജ് സൈനി പ്രാദേശിക ബിജെപി ഒബിസി മോർച്ചയിലെ അംഗമാണ്. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം പാർട്ടി അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. പ്രതിയായ ആദിത്യരാജിന് മകളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന അമ്മയുടെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. അനേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് എസ്പി പ്രമേന്ദ്ര ദോഭാൽ അറിയിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും കേസന്വേഷണത്തിനായി അഞ്ച് പൊലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com