കംബോഡിയയില്‍ 'സൈബര്‍ അടിമത്തത്തിന്' ഇരയായ 14 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് അഭ്യർഥന

ഉത്തര്‍പ്രദേശ്, ബീഹാര്‍ സ്വദേശികളായ ഈ 14 പേരെയും കംബോഡിയന്‍ പൊലീസ് രക്ഷപ്പെടുത്തി. ഇവരെ ഒരു എന്‍ജിഒ ഒരുക്കിയ സൗകര്യത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍പ്പെട്ട് കംബോഡിയയില്‍ എത്തുകയും സൈബർ തട്ടിപ്പുകള്‍ നടത്താന്‍ നിർബന്ധിതരാകുകയും ചെയ്ത 14 ഇന്ത്യക്കാരെ പൊലീസ് രക്ഷിപ്പെടുത്തി. കംബോഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘം ഇവരെ സൈബർ അടിമത്തത്തിന് ഇരയാക്കുകയായിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍ സ്വദേശികളായ 14 പേരെയും കംബോഡിയന്‍ പൊലീസ് രക്ഷപ്പെടുത്തി. ഇവരെ ഒരു എന്‍ജിഒ ഒരുക്കിയ സൗകര്യത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഇന്ത്യയില്‍ തിരികെ എത്തിക്കണമെന്ന അഭ്യർഥനയുമായി ഇവർ ഇന്ത്യന്‍ എംബസിയെ സമീപിച്ചു.

തൊഴില്‍ വാഗ്ദാനം ചെയ്ത് അന്യ രാജ്യങ്ങളില്‍ എത്തിച്ച ശേഷം  നിയമവിരുദ്ധമായി സൈബർ തൊഴിലുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് സൈബർ അടിമത്തം. ഇത്തരം തൊഴില്‍ തട്ടിപ്പില്‍ അകപ്പെട്ട് 5000 ഇന്ത്യക്കാരാണ് ഇതുവരെ കംബോഡിയയില്‍ കുടുങ്ങിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇവരെ നിയമ വിരുധമായ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കുന്നത്. 250 ഇന്ത്യക്കാരെ കംബോഡിയയില്‍ നിന്നും ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നിയമാനുസൃതമായ ജോലികള്‍ നല്‍കുമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണ് തട്ടിപ്പിലകപ്പെട്ടവര്‍ കംബോഡിയയില്‍ എത്തിയത്. എന്നാല്‍ പിന്നീട് ഇവരെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിയമവിരുദ്ധമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്. പ്രധാനമായും തട്ടിപ്പ് കോള്‍സെന്‍ററുകളില്‍ ജോലി ചെയ്യാനാണ് ഇവര്‍ നിര്‍ബന്ധിതരാകുന്നത്. കംബോഡിയയില്‍ എത്തിയ ഉടനെ തന്നെ ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ തട്ടിപ്പുകാര്‍ വാങ്ങിവെച്ചിരുന്നു.

മുതിര്‍ന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും ഈ സംഘം 67 ലക്ഷം പറ്റിച്ചതോടെയാണ് പൊലീസ് ഈ വിഷയത്തില്‍ ഗൗരവമായ അന്വേഷണം ആരംഭിച്ചത്. അനധികൃതമായി ആളുകളെ കംബോഡിയയിലേക്ക് കടത്തിയതിന് എട്ട് പേരെ ഒഡീഷയിലെ റൂര്‍ക്കേല പോലീസ് കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യം കംബോഡിയയിലെക്ക് തൊഴിലിനായി പോകുന്നവര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ച തൊഴില്‍ ഏജന്‍സികളെ മാത്രമെ ഇന്ത്യക്കാര്‍ സമീപിക്കാവൂ എന്നും എംബസി അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com