ദിവസവും 14 മണിക്കൂര്‍ ജോലി; ഐടി സെക്ടറില്‍ പുതിയ ബില്‍ കൊണ്ടുവരാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

നിലവിൽ 10 മണിക്കൂറാണ് ജോലി സമയം. ഇപ്പോഴത്തെ നിയമമനുസരിച്ച് 12 മണിക്കൂർ മാത്രമേ ജീവനക്കാരെ ജോലിയെടുപ്പിക്കാനാവൂ
ദിവസവും 14 മണിക്കൂര്‍ ജോലി; ഐടി സെക്ടറില്‍ പുതിയ ബില്‍ കൊണ്ടുവരാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍
Published on

ജീവനക്കാരുടെ ജോലി സമയം 14 മണിക്കൂറായി ഉയർത്തണമെന്ന് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ട് ഐടി കമ്പനികൾ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ജോലി സമയം ഉയർത്താനുള്ള നീക്കം മനുഷ്യത്വ രഹിതമാണെന്ന് എംപ്ലോയീസ് യൂണിയൻ ആരോപിച്ചു. കര്‍ണാടക ഷോപ്പ്‌സ് ആൻ്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്ട് ഭേദഗതി ചെയ്ത് ഇത് നടപ്പിലാക്കണമെന്നാണ് ഐടി കമ്പനികളുടെ ആവശ്യം.

നിലവിൽ 10 മണിക്കൂറാണ് ജോലി സമയം. ഇപ്പോഴത്തെ നിയമമനുസരിച്ച് 12 മണിക്കൂർ മാത്രമേ ജീവനക്കാരെ ജോലിയെടുപ്പിക്കാനാവൂ. ഭേദഗതി നടപ്പിലാക്കിയാൽ ഐടി, ബിപിഒ ഉൾപ്പെടെയുള്ള സെക്ടറുകളിൽ ജോലി ചെയ്യുന്നവരുടെ സമയം 14 മണിക്കൂറായി ഉയരും. കഴിഞ്ഞദിവസം തൊഴില്‍വകുപ്പ് വിളിച്ചു ചേര്‍ത്ത ഐടി കമ്പനികളുടെയും ജീവനക്കാരുടെയും പ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. ജോലിസമയം നീട്ടാനുള്ള നീക്കത്തിനെതിരെ കർണാടക ഐടി എംപ്ലോയീസ് യൂണിയൻ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ജീവനക്കാരുടെ ഫിഷ്റ്റുകളുടെ എണ്ണം കുറയ്ക്കാനാണ് ശ്രമമെന്നും ഇങ്ങനെ ചെയ്യുന്നതിലൂടെ മൂന്നിലൊന്ന് ജീവനക്കാരും ജോലി ഉപേക്ഷിക്കേണ്ടതായി വരുമെന്നും സംഘടന അറിയിച്ചു.

ഇത് ജീവനക്കാരുടെ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് കാരണമാകും. കർണാടകയിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരിൽ 45 ശതമാനം പേർക്ക് വിഷാദവും, 55 ശതമാനം പേർക്ക് ശാരീരിക ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടെന്ന് കർണാടക ഐടി സംഘടനകൾ ചൂണ്ടുിക്കാട്ടുന്നത്. നിയമം ഭേദഗതി ചെയ്യുന്നതിലൂടെ തൽസ്ഥിതി വഷാളാകുമെന്നും സംസ്ഥാനത്തെ 20 ലക്ഷം തൊഴിലാളികളെ ബാധിക്കുമെന്നും ഐടി സംഘടനകൾ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com