
ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവരിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 144 മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് മാത്രം എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതിൽ ചിന്നിച്ചിതറിയ 88 മൃതദേഹ ഭാഗങ്ങളാണ് കണ്ടെടുത്തത്. വയനാട്ടിലെ ദുരന്തമേഖലയിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് ചാലിയാർ പുഴ. ഉരുൾപൊട്ടി രൂപപ്പെട്ട പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് ചാലിയാർ പുഴയുടെ തീരത്തെത്തിയത്.
മലപ്പുറം നിലമ്പൂർ, പോത്തുകൽ, മുണ്ടേരി ഭാഗത്തു നിന്നായാണ് 144 മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതിൽ 56 മൃതദേഹവും, 88ലധികം പേരുടെ ശരീരഭാഗങ്ങളും ഉണ്ടായിരുന്നു. 39 പരുഷൻമാർ, 22 സ്ത്രീകൾ, രണ്ട് ആൺകുട്ടികൾ, ഒരു പെൺകുട്ടി, സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ഒരു മൃതദേഹം എന്നിവയാണ് ചാലിയാർ പുഴയിൽ നിന്ന് പെറുക്കിയെടുത്തത്. കലങ്ങി മറിഞ്ഞൊഴുകുന്ന ചാലയാറിൽ ഇനിയും വീണ്ടെടുക്കാനാകാതെ മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടാകാം.
ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി. രാവിലെ വിമാന മാർഗം കരിപ്പൂർ എയർപോർട്ടിലെത്തിയ മുഖ്യമന്ത്രി, കോഴിക്കോട് വിക്രം മൈതാനിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് ചൂരൽമലയിലെത്തിയത്. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഒപ്പമുണ്ട്. രാവിലെ ബെയിലി പാലത്തിൻ്റെ ഉൾപ്പെടെ നിർമാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നു. സർവകക്ഷി യോഗം ആരംഭിച്ചിട്ടുണ്ട്. യോഗത്തിന് ശേഷം മുഖ്യമന്ത്രി ദുരന്തസ്ഥലങ്ങൾ സന്ദർശിക്കും. കാലാവസ്ഥ അനുകൂലമായാൽ മാത്രമാണ് മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദർശിക്കൂവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ക്യാമ്പുകളിൽ കഴിയുന്ന അതിജീവിതരെ മുഖ്യമന്ത്രി സന്ദർശിക്കും. മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കർ എ.എൻ. ഷംസീറും എട്ട് മന്ത്രിമാരും വയനാട്ടിലെത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ. രാജൻ, ഒ.ആർ. കേളു, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി, വീണാ ജോർജ്, റോഷി അഗസ്റ്റിൻ എന്നിവരാണ് നിലവിൽ വയനാട്ടിലുള്ളത്.