
മൂന്നു ജില്ലകളുടെ ജീവജലമായിരുന്ന ചാലിയാർ മൂന്നു ദിവസമായി മരണവാഹിനിയാണ്. കേരളത്തിലെ 44 നദികളിൽ ഒന്നിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുർഗതിയാണ് ചാലിയാറിന്. നൂറിലേറെ മൃതദേഹങ്ങൾ ഒന്നിച്ചൊഴുകിയ മറ്റൊരു പുഴയും കേരളത്തിന്റെ ചരിത്രത്തിലില്ല. നൂറ്റാണ്ടുകൾ മുമ്പ് മുതൽ കല്ലായിയിലേക്കു മരം കൊണ്ടുവന്ന വഴിയാണ് ചാലിയാർ. മുകുർത്തിമലയുടെ മുകളിൽ നിന്നൊഴുകി പുന്നപ്പുഴയും കരിമ്പുഴയുമായി ചാലിയാറിൽ ചെന്നു ചേരാൻ തുടങ്ങിയത് ചരിത്രത്തിനും മുമ്പെയാണ്.
ഇക്കാലത്തൊന്നും പുന്നപ്പുഴ ചാലിയാറിലേക്കിങ്ങനെ മരിച്ച മനുഷ്യരെ ഒഴുക്കിവിട്ടിട്ടില്ല. നൂറിലേറെ മൃതദേഹങ്ങൾ അടിഞ്ഞ് പോത്തുകല്ലും പരിസരനാടുകളും ചാവുനിലമായി. ചാലിയാർ ഒരു ചാവുപുഴയും. മനസുമരവിച്ചുപോയ മനുഷ്യരാണ് മൂന്നു ദിവസമായി ചാലിയാറിന്‍റെ ഓരങ്ങളിൽ കാത്തുനിൽക്കുന്നത്.
Also Read:
ഒഴുകിവന്ന ഒരു മൃതദേഹത്തിന്‍റെ വിവരം പറഞ്ഞുകേട്ട് പുഴയോരത്ത് എത്തിയവർ പിന്നെ നിസ്സഹായരായി നിന്നുപോയി. ഓരോ മിനിറ്റിലും എന്നതുപോലെ ഓരങ്ങളിൽ ഓരോ ശരീരങ്ങൾ. തലയറ്റും കൈകാലുകളറ്റും ചില ഭാഗങ്ങൾ. തകർന്നടിഞ്ഞ ഒരുപാടു നാടുകൾ കണ്ടവർ പോലും പ്രജ്ഞയറ്റു നിന്നുപോയി. സൈനികർപോലും ഇനി എന്ത് എന്ന് പരിഭ്രമിച്ചു.
പുന്നപ്പുഴ കരിമ്പുഴയായി ചാലിയാറിലേക്കു ഒഴുകിവരികയിരുന്നില്ല ഇപ്പോൾ. മണ്ണും ചെളിയും ഒഴുകി ചാലിയാറിലേക്ക് പുതിയൊരു ഒഴുക്ക് രൂപപ്പെടുകയായിരുന്നു. അതു പുന്നപ്പുഴയുടെ വഴി ആയിരുന്നില്ല. ആ തള്ളലിലൂടെ വന്നതാണ് ചാലിയാറിലേക്ക് ശരീരങ്ങൾ. മുണ്ടേരിയിലും നിലമ്പൂരുമൊക്കെ അവ അടിഞ്ഞു. കേരളത്തിന്‍റെ ചരിത്രത്തിൽ ഒരു പുഴയും ഇങ്ങനെ മരണവാഹിനി ആയിട്ടില്ല. ഗംഗയിലെ നിമഞ്ജന ഘട്ടിൽ പോലും ഇത്രയേറെ മൃതദേഹങ്ങൾ ഒരു ദിവസം എത്താറുമില്ല.
Also Read:
പോത്തുകല്ലിന് ഏറെ അകലെയല്ലാതെ കവളപ്പാറയുടെ മഹാദുരന്തം കണ്ട ജനതയാണ്. 2019ൽ അവിടെ മരിച്ചവരുടെ ഇരട്ടിയിലേറെ വരും ചാലിയാറിലൂടെ പോയ ദിവസങ്ങളിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾ. ഇതുവരെ കാണാത്തതു പലതും അറിയിക്കുക കൂടിയായിരുന്നു ചാലിയാർ. എത്ര കാലവർഷം ഇനി ഒഴുകിപ്പോയാലും അലിഞ്ഞുതീരില്ല ഈ ദിവസങ്ങളുണ്ടാക്കിയ വിഷാദം.