പൂർണത്രയീശ ക്ഷേത്രത്തിൽ 15 ആനകൾ; എഴുന്നള്ളിപ്പ് കോടതി ചട്ടങ്ങൾ അനുസരിച്ചെന്ന് അമ്പലഭാരവാഹികൾ

ആനകൾ തമ്മിലുള്ള അകലം പാലിക്കാൻ മുന്നിൽ 8 ആനകളേയും പിന്നിൽ 7 ആനകളേയുമാണ് അണി നിരത്തിയത്
പൂർണത്രയീശ ക്ഷേത്രത്തിൽ 15 ആനകൾ; എഴുന്നള്ളിപ്പ് കോടതി ചട്ടങ്ങൾ അനുസരിച്ചെന്ന് അമ്പലഭാരവാഹികൾ
Published on

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കുന്നു. ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണം നിയന്ത്രിക്കുന്നത് ഉൾപ്പടെയുള്ളതിൽ വാദം തുടരുന്നതിനിടെയാണ് ആനകളെ ക്ഷേത്രത്തിനുള്ളിൽ എഴുന്നള്ളിച്ചത്. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ചാണ് പങ്കെടുപ്പിക്കുന്നത്. അതിനിടെ, പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

ആന എഴുന്നുള്ളപ്പിൽ സുപ്രീംകോടതി മാനദണ്ഡങ്ങൾക്ക് ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വവും ഫെയർവെൽ സെലിബ്രേഷൻ കമ്മിറ്റിയും നൽകിയ ഉപഹർജി കോടതി പരിഗണിക്കുകയാണ്. ഇതിനിടെയാണ് 15 ആനകളുമായി തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ഭാരവാഹികൾ ശീവേലി നടത്തിയത്. ആനകൾ തമ്മിലുള്ള അകലം പാലിക്കാൻ മുന്നിൽ 8 ആനകളേയും പിന്നിൽ 7 ആനകളേയുമാണ് അണി നിരത്തിയത്. ആനകളുടെ അകലം പരിശോധിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. കോടതി നടപടി അംഗീകരിക്കുന്നതായും ചട്ടം പാലിച്ചാണ് ആനകളെ എഴുന്നുള്ളിച്ചതെന്നും അമ്പലഭാരവാഹികൾ പറഞ്ഞു.


പൂർണത്രയീശ ക്ഷേത്രത്തിൽ 15 ആനകളെ എഴുന്നള്ളിക്കണമെന്ന് നിർബന്ധം പിടിക്കുന്നതെന്തിനാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചത്. ആന ഇല്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുമോയെന്നും കോടതി ചോദിച്ചിരുന്നു.

തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ 15 ആനകളെ എഴുന്നള്ളിക്കണമെന്നാണ് ആവശ്യം. 22 മീറ്ററിനുള്ളില്‍ എത്ര ആനകളെ അണിനിരത്താനാകും? ആനകളെ എഴുന്നള്ളപ്പിന് ഉപയോഗിക്കേണ്ട എന്നല്ല കോടതി പറയുന്നത്. ആളുകളുടെ സുരക്ഷ കൂടി നോക്കിയാണ് നിശ്ചിത അകല പരിധി നിശ്ചയിച്ചത്. 15 ആനകളെ എഴുന്നള്ളിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഏത് ആചാരത്തിന്‍റെ ഭാഗമാണെന്നും കോടതി ചോദിച്ചു.

മാർഗ നിർദേശങ്ങൾ പാലിച്ചേ മതിയാകൂ. ആന എഴുന്നള്ളിപ്പ് ഹർജിക്കാർ പറയുന്നതു പോലെ നടത്തിയില്ലെങ്കിൽ ഹിന്ദു മതം തകരും എന്നാണോ പറയുന്നതെന്നും കോടതി ആരാഞ്ഞു. ആളുകളുടെ സുരക്ഷ, ആനകളുടെ പരിപാലനം എന്നിവ പ്രധാനപ്പെട്ടതാണ്. തൃപ്പൂണിത്തുറ ക്ഷേത്രത്തിന്‍റെ സ്ഥലപരിധി വെച്ച് പരമാവധി നാല് ആനകളെ മാത്രമേ മാർഗരേഖ പ്രകാരം എഴുന്നള്ളിക്കാൻ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഫോറസ്റ്റ് ഓഫീസർമാരെ ഉൾപ്പെടുത്തി, കോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com