"ഇന്ത്യാ വിരുദ്ധ പ്രചരണം"; 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് രാജ്യത്ത് നിരോധനം; ബിബിസിക്കും മുന്നറിയിപ്പ്

പഹൽഗാം ഭീകരാക്രമണം റിപ്പോർട്ട് ചെയ്യുമ്പോൾ ഇന്ത്യൻ വികാരം കൂടി പരിഗണിക്കണമെന്ന് ബിബിസിക്കും നിർദേശം നൽകിയിട്ടുണ്ട്
"ഇന്ത്യാ വിരുദ്ധ പ്രചരണം"; 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് രാജ്യത്ത് നിരോധനം; ബിബിസിക്കും മുന്നറിയിപ്പ്
Published on

പഹൽ​ഗാം ഭീകരാക്രമണത്തിനു പിന്നാലെ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്ര സ‍ർക്കാർ. ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി. പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ യൂട്യൂബ് ചാനലും വിലക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയെ തുടർന്നാണ് നടപടി.

ഡോൺ, സമ ടിവി, എആർവൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്താർ, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാർത്താ ഏജൻസികളുടെ യൂട്യൂബ് ചാനലുകളും നിരോധിച്ച ചാനലുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ ഈ ചാനലുകലള്‍ പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണ്ടെത്തല്‍. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങൾ പങ്കുവെച്ചതിനാണ് നടപടി. മാധ്യമപ്രവർത്തകരായ ഇർഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമർ ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ യൂട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്. പാകിസ്ഥാൻ റഫറൻസ്, സമ സ്പോർട്സ്, ഉസൈർ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് നിരോധിച്ച മറ്റ് അക്കൗണ്ടുകൾ.

ബിബിസിക്കും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ത്യന്‍ വികാരം കൂടി പരിഗണിക്കണമെന്നാണ് ബിബിസിക്ക് നല്‍കിയ നിര്‍ദേശം. 'Pakistan suspends visas for Indians after deadly Kashmir attack on tourists' എന്ന തലക്കെട്ടിലായിരുന്നു ബിബിസി വാര്‍ത്ത നല്‍കിയത്. ഭീകരവാദികളെ 'തീവ്രവാദികള്‍' എന്ന് വിശേഷപ്പിച്ചതിലും ഇന്ത്യ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചാണ് ബിബിസിയുടെ ഇന്ത്യയിലെ തലവനായ ജാക്കി മാര്‍ട്ടിന് വിദേശകാര്യ മന്ത്രാലയം കത്ത് നല്‍കിയത്.


Also Read: പഹൽഗാം ഭീകരാക്രമണം: ഭീകരരെ കണ്ടെത്തിയതായി സൂചന; കുല്‍ഗാമില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍



അതേസമയം, ജമ്മു കശ്മീരിലെ പഹൽ​ഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ അതി‍ർത്തിയിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. കുപ്‌വാര, പൂഞ്ച് എന്നിവിടങ്ങളിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. ഇന്നലെ അർധരാത്രിയോടെയായിരുന്നു വെടിവെപ്പ്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. തുടർച്ചയായ നാലാം ദിവസമാണ് വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള പാക് പ്രകോപനം. പൂഞ്ച് സെക്ടറിൽ ആദ്യമായാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com