
സെൻട്രൽ നൈജീരിയയിൽ പരീക്ഷക്കിടെ സ്കൂൾ തകർന്ന് വീണ് 16 വിദ്യാർഥികൾ മരിച്ചതായി റിപ്പോർട്ട്. പ്ലാറ്റോയിലെ ജോസ് നോർത്ത് ജില്ലയിലെ സെയിൻറ് അക്കാദമിക്ക് കീഴിലുള്ള രണ്ട് നില കെട്ടിടമാണ് നിലം പതിച്ചത്. എഎഫ്‌പി റിപ്പോർട്ട് പ്രകാരം നിരവധി വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അധ്യാപകരടക്കം നിരവധിപ്പേർ തകർന്ന കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ആഫ്രിക്കൻ സമയം രാവിലെ ഏഴരയോടെയാണ് അപകടം സംഭവിക്കുന്നത്. രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തിയെങ്കിലും നിരവധി വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെടുകയും ഗുരുതര പരുക്കേൽക്കുകയും ചെയ്തു. കെട്ടിടം തകരാനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. എന്നാൽ ദിവസങ്ങളായുള്ള കനത്ത മഴയാണ് കെട്ടിടം തകരാൻ കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു.
അതേസമയം, കെട്ടിടനിർമാണ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഗുണനിലവാരമില്ലാത്ത വസ്തുക്കളുടെ ഉപയോഗവും അശ്രദ്ധയും കാരണമുണ്ടാവുന്ന കെട്ടിട തകർച്ചകൾ ആഫ്രിക്കയിൽ സാധാരണ കാഴ്ചയാണ്. നൈജീരിയയുടെ സാമ്പത്തിക തലസ്ഥാനമായ ലാഗോസിലെ ഇക്കോയി ജില്ലയിൽ 2021-ൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്ന് 45 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ലാഗോസിലെ എബുട്ട്-മെട്ട പ്രദേശത്തും മൂന്ന് നില കെട്ടിടം തകർന്ന് പത്ത് പേർ മരിച്ചിരുന്നു.