ചോറ്റാനിക്കര വധശ്രമം: 19കാരിയുടേത് ജീവനൊടുക്കാനുള്ള ശ്രമമെന്ന് ആൺസുഹൃത്തിൻ്റെ മൊഴി; യുവാവിൻ്റെ പങ്ക് പരിശോധിച്ച് പൊലീസ്

ഒരാൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നും ഇയാളുടെ പങ്കാളിത്തം പരിശോധിക്കുകയാണെന്നും പുത്തൻ കുരിശ് ഡിവൈഎസ്‌പി വി.ടി. ഷാജൻ പറഞ്ഞു
ചോറ്റാനിക്കര വധശ്രമം: 19കാരിയുടേത് ജീവനൊടുക്കാനുള്ള ശ്രമമെന്ന് ആൺസുഹൃത്തിൻ്റെ മൊഴി; യുവാവിൻ്റെ പങ്ക് പരിശോധിച്ച് പൊലീസ്
Published on


ചോറ്റാനിക്കരയിൽ 19കാരിയെ ആൺസുഹൃത്ത് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പെൺകുട്ടിയുടെ വീട്ടിൽ ഫോറെൻസിക് സംഘം പരിശോധന നടത്തി. യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഒരാൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നും ഇയാളുടെ പങ്കാളിത്തം പരിശോധിക്കുകയാണെന്നും പുത്തൻ കുരിശ് ഡിവൈഎസ്‌പി വി.ടി. ഷാജൻ പറഞ്ഞു.

ബലാത്സംഗം, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അമ്മയുടെ പരാതിയിലാണ് ഈ വകുപ്പുകൾ ചുമത്തിയത്. പ്രതിയുടെ മൊഴി വെളിപ്പെടുത്താനാകില്ല. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും ഡിവൈഎസ്‌പി കൂട്ടിച്ചേർത്തു. യുവതിയുടെ ആൺ സുഹൃത്ത് വീട്ടിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

അതേസമയം, പെൺകുട്ടിയുടേത് ആത്മഹത്യാ ശ്രമമാണെന്നാണ് ആൺ സുഹൃത്തിന്റെ മൊഴി. പെൺകുട്ടിയെ താൻ മർദിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും മൊഴി. മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് അടക്കമുള്ള നടപടികൾ മൊഴി പരിശോധിച്ച ശേഷം തീരുമാനിക്കും. തലയോല പറമ്പ് സ്വദേശിയായ കസ്റ്റഡിയിലുള്ള യുവാവ് മുൻപ് ലഹരി കേസടക്കം മൂന്ന് കേസുകളിൽ പ്രതിയാണ്.

മകളെ പല തവണ ആൺ സുഹൃത്ത് മർദിച്ചിരുന്നതായി അമ്മ പറഞ്ഞു. ആൺ സുഹൃത്തിനെ ഭയന്നാണ് വീട്ടിൽ നിന്നു മാറി നിന്നതെന്നും അമ്മ വ്യക്തമാക്കി. ബലാത്സംഗം, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയെന്നും പെൺകുട്ടിയുടേത് ആത്മഹത്യ ശ്രമമെന്ന് ആൺ സുഹൃത്ത് മൊഴി നൽകിയെന്നും പുത്തൻ കുരിശ് ഡിവൈഎസ്‌പി വി.ടി. ഷാജൻ പറഞ്ഞു.

പോക്സോ കേസ് അതിജീവിതയായ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് 19 വയസുകാരിയെ അർദ്ധനഗ്നയായി അബോധാവസ്ഥയിൽ ചോറ്റാനിക്കരയിലുള്ള വീട്ടിലെ കട്ടിലിനോട് ചേർന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരമാസകലം മർദനമേറ്റ പാടുകളും കഴുത്തിൽ കയറിട്ട് മുറുക്കിയ പാടും ഉണ്ടായിരുന്നു. ഏതാനും നാളുകളായി ഒറ്റയ്ക്ക് താമസിക്കുന്ന പെൺകുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.പെൺകുട്ടിയുടേയും ആൺസുഹൃത്തിൻ്റേയും മർദനം സഹിക്ക വയ്യാതേ അമ്മ മറ്റൊരിടത്തേയ്ക്ക് താമസം മാറ്റിയിരുന്നു.

അതേസമയം, പെൺകുട്ടിയുടെ വീട്ടിൽ യുവാക്കൾ എത്തുന്നതിനെതിരെ നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നതിൻ്റെ തെളിവുകളും പുറത്തുവന്നു. നാട്ടുകാരെ നിരന്തരം പെൺകുട്ടിയും സുഹൃത്തുകളും ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. നാട്ടുകാർ പൊലീസിന് കൊടുത്ത പരാതിയുടെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. കഴിഞ്ഞ മാസമാണ് റെസിഡൻസ് അസോസിയേഷൻ്റെ ഭാഗത്ത് നിന്ന് പൊലീസിൽ പരാതി നൽകിയത്. യുവാക്കളും പെൺകുട്ടിയും ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പരാതിയിൽ നാട്ടുകാർ ആരോപിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com