
1984 ലിലെ സിഖ് വിരുദ്ധ കലാപത്തെ തുടർന്ന് അറസ്റ്റിലായ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർ തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിഷേധിച്ചു. 3 സിഖുകാരെ കൊലപ്പെടുത്തിയതടക്കമുള്ള കുറ്റമാണ് ടൈറ്റ്ലർക്ക് നേരെ ചുമത്തിയിട്ടുള്ളത്.
കേസിൻ്റെ വിചാരണ തുടങ്ങുന്നതിനാവശ്യമായ തെളിവുകൾ സിബിഐ നൽകിയിട്ടുണ്ടെന്ന് കാട്ടി ആഗസ്റ്റ് 30 നാണ് ഡൽഹി റോസ് അവന്യൂ കോടതി ടൈറ്റ്ലർക്കെതിരെ കുറ്റം ചുമത്തിയത്. കൊലപാതകം, കലാപം ഉണ്ടാക്കുവാനുള്ള ആഹ്വാനം, നിയമവിരുദ്ധമായ സംഘം ചേരൽ, ക്രമസമാധാന ലംഘനം, ആരാധനാലയം അശുദ്ധമാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ടൈറ്റ്ലർക്ക് മേൽ ചുമത്തിയിട്ടുള്ളത്. വിചാരണ ആവശ്യപ്പെട്ടതോടെ ഒക്ടോബർ മൂന്നിന് കേസിൽ വാദം കേൾക്കുവാനും തെളിവുകൾ രേഖപ്പെടുത്തുവാനും നിശ്ചയിച്ചിരിക്കുകയാണ്.ദൃക്സാക്ഷികളുടെ മൊഴികളുടെയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ തുടങ്ങുവാൻ കോടതി നിർദേശിച്ചിരിക്കുന്നത്.
എന്നാൽ തനിക്കെതിരെ ഒരു ചെറിയ തെളിവു പോലുമില്ലെന്നാണ് ടൈറ്റ്ലറുടെ വാദം. ഞാൻ എന്താണ് ചെയ്തത്, എനിക്കെതിരെ തെളിവുണ്ടെങ്കിൽ ഞാൻ സ്വയം തൂങ്ങി മരിക്കാൻ തയ്യാറാണ്. സിബിഎയ്ക്ക് 1984 ലെ കലാപത്തോടനുബന്ധിച്ചല്ല വോയ്സ് സാംപിൾ വേണ്ടതെന്നും ടൈറ്റ്ലർ പറഞ്ഞു. മൂന്ന് തവണ സിബിഐയുടെ ക്ലീൻചിറ്റ് ടൈറ്റ്ലറിനെ ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ തവണ കോടതി കൂടുതൽ അന്വേഷണത്തിന് ഏജൻസിയോട് ഉത്തരവിടുകയായിരുന്നു.