
ജമ്മു കശ്മീരിലെ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. ഏഴ് ജില്ലകളിലെ 24 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള സംസ്ഥാനത്തെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയാണിത്. രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിക്കും. ആകെയുള്ള 90 അസംബ്ലി മണ്ഡലങ്ങളിലെ 24 എണ്ണത്തിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.
23 ലക്ഷത്തിലധികം വോട്ടർമാർ ആദ്യഘട്ടത്തിൽ 219 സ്ഥാനാർഥികളുടെ വിധി നിർണയിക്കും. കശ്മീർ ഡിവിഷനിലെ അനന്ത്നാഗ്, പുൽവാമ, ഷോപ്പിയാൻ, കുൽഗാം, ജമ്മു ഡിവിഷനിലെ ദോഡ, റംബാൻ, കിഷ്ത്വാർ എന്നീ ജില്ലകളിലാണ് 24 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നത്. ഇതിൽ 16 സീറ്റുകൾ കശ്മീർ മേഖലയിലും ബാക്കി ജമ്മുവിലുമാണ്.
കശ്മീരിൽ നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും നേർക്കുനേർ മത്സരിക്കുമ്പോൾ ജമ്മുവിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ളപോരാട്ടമാണ്. കശ്മീരിലെ 47 നിയമസഭാ മണ്ഡലങ്ങളിലായി 19 സ്ഥാനാർഥികളെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ഇതിൽ എട്ടെണ്ണത്തിലേക്കുള്ള മത്സരമാണ് ആദ്യഘട്ടത്തിൽ. കോൺഗ്രസ്-എൻസി സീറ്റ് വിഭജനം അനുസരിച്ച് ജമ്മുവിലെ 29 ഇടങ്ങളിലും കശ്മീരിൽ ഒമ്പത് സീറ്റുകളിലുമാണ് കോൺഗ്രസിൻ്റെ മത്സരം. നാഷണൽ കോൺഫറൻസ് ജമ്മുവിൽ 17ലും കശ്മീരിൽ 39 ഉം സീറ്റുകളിൽ മത്സരിക്കും.
24 നിയമസഭാ മണ്ഡലങ്ങളിലായി 100 ശതമാനം വെബ്‌കാസ്റ്റിംഗുള്ള 3276 പോളിംഗ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 302 അർബൻ പോളിംഗ് സ്റ്റേഷനുകളും 2974 റൂറൽ പോളിംഗ് സ്റ്റേഷനുകളും ഉൾപ്പെടുന്നു. വോട്ടർപങ്കാളിത്തം വർധിപ്പിക്കുന്നതിനായി സ്ത്രീകൾ നിയന്ത്രിക്കുന്ന 24 ഓളം പിങ്ക് പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനാവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.