
രാജസ്ഥാനിൽ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിൻ്റെ വാട്ടർ ടാങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ബാബർ മഗ്ര പ്രദേശവാസികളായ ആദിൽ (6), ഹസ്‌നൈൻ (7)എന്നിവരെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കാണാതായത്.
ഇതിനെ തുടർന്ന് ഇവരുടെ മാതാപിതാക്കൾ ശനിയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം ടാങ്കിനുള്ളിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി കോട്വാലി എസ്എച്ച്ഒ സവായ് സിംഗ് പറഞ്ഞു.
കുട്ടികളുടെ ശരീരത്തിൽ മുറിവുകളുള്ളതിനാൽ കൊലപാതകമാണ് നടന്നതെന്ന് വീട്ടുകാർ ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മോർച്ചറിക്ക് പുറത്ത് കുടുംബാംഗങ്ങൾ ധർണ നടത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ മരണകാരണം വ്യക്തമാകുമെന്ന് എസ്എച്ച്ഒ അറിയിച്ചു.