
നിയമസഭാ തെരഞ്ഞടുപ്പ് അടുത്തുവരുന്ന ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കിഷ്തത്വാറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കിഷ്ത്വാറിലെ ഛത്രൂവിൽ ജമ്മു കശ്മീർ പൊലീസുമായി സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതായും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
മണിക്കൂറുകളോളം നടന്ന ഏറ്റുമുട്ടലിനിടെയാണ് രണ്ട് സൈനികർ വെടിയേറ്റു മരിച്ചത്.സുരക്ഷാ സേന പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷമാണ് കിഷ്ത്വറിലെ ഛത്രൂവിൽ വെടിവെപ്പ് ആരംഭിച്ചത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് വൈറ്റ് നൈറ്റ് കോർപ്സ് എക്‌സിലെ പോസ്റ്റിൽ പറയുന്നു.
അതേ സമയം കത്വയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ റൈസിംഗ് സ്റ്റാർ കോർപ്സിൻ്റെ സൈന്യം രണ്ട് ഭീകരരെ വെടിവച്ചു കൊന്നു. കിഷ്ത്വാറിലെ ഏറ്റുമുട്ടലിൽ ഉൾപ്പെട്ട അതേ ഭീകരരുമായി ജൂലൈയിൽ ഡോഡയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. അന്ന് ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
തെക്കൻ കശ്മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ, കുൽഗാം ജില്ലകളിലെ 16 സീറ്റുകൾക്കൊപ്പം ചിനാബ് താഴ്‌വര മേഖലയിലെ ദോഡ, കിഷ്ത്വാർ, റംബാൻ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഏറ്റുമുട്ടലുകൾ നടന്നത്. സെപ്തംബർ 18 നാണ് ഈ മേഖലയിൽ വോട്ടെടുപ്പ് നടക്കുക.
ജമ്മു, കത്വ, സാംബ ജില്ലകളിൽ യഥാക്രമം സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിൽ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മു കശ്മീരിൽ പ്രചാരണം നടത്തും.