ISRAEL
ISRAEL

ഇസ്രയേലിൽ കത്തിയാക്രമണം: രണ്ട് പേർ കൊല്ലപ്പെട്ടു, സ്വാഭാവിക ആക്രമണമെന്ന് ഹമാസ്

ടെൽ അവീവിനടുത്തുള്ള ഹോലോൺ നഗരത്തിൽ ഞായറായ്ച രാവിലെ തിരക്കേറിയ സമയത്താണ് അക്രമം ഉണ്ടായത്
Published on

ഇസ്രയേലിലെ ടെൽ അവീവിലുണ്ടായ കത്തിയാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ടു മുതിർന്ന പൗരന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നാലെ അക്രമിയെ കൊലപ്പെടുത്തിയതായി പൊലീസ് വക്താവ് എലി ലെവി പറഞ്ഞു. 

ടെൽ അവീവിനടുത്തുള്ള ഹോലോൺ നഗരത്തിൽ ഞായറായ്ച രാവിലെ തിരക്കേറിയ സമയത്തായിരുന്നു ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്. ഗ്യാസ് സ്റ്റേഷനും പാർക്കിനും സമീപത്ത് കത്തിയാക്രമണം നടക്കുന്നുണ്ടെന്ന ഇസ്രയേൽ ആംബുലൻസ് സർവീസിൻ്റെ വിവരമനുസരിച്ചാണ് പൊലീസെത്തിയത്. കൂടുതൽ ആക്രമങ്ങളിലേക്ക് പോകുന്നതിനു മുന്നേ അക്രമിയെ പൊലീസ് വകവരുത്തുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് സന്നാഹമുണ്ടെന്നും ഹെലികോപ്റ്ററും അധിക വിഭവങ്ങളും ഉപയോഗിച്ച് വിപുലമായ തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ കൊലപ്പെടുത്തിയതിനുള്ള സ്വാഭാവിക പ്രതികാരമാണ് ഇസ്രയേലിൽ നടന്ന കത്തിയാക്രമണമെന്ന് ഹമാസ് പ്രതികരിച്ചു. ഇറാന്‍ പ്രസിഡന്‍റായി മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ടെഹ്‌റാനില്‍ എത്തിയ ഹനിയ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇറാനും ഹമാസും കുറ്റപ്പെടുത്തുന്നത് ഇസ്രയേലിനെയാണ്. ഹമാസിന്‍റെ സൈനിക ശേഷി തകര്‍ക്കുമെന്ന നിലപാടാണ് ഇസ്രയേലിന്‍റേത്. എന്നാല്‍ ഹമാസ് നേതാവിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല.

News Malayalam 24x7
newsmalayalam.com