പൂനെ ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ

മുംബൈ വിമാനത്താവളത്തിൽ നിന്നാണ് അബ്ദുള്ള ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരെ എൻഐഎ സംഘം പിടികൂടിയത്
പൂനെ ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ
Published on

മുംബൈയിൽ നിന്നും ഐഎസ്ഐഎസുമായി ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് അബ്ദുള്ള ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരെ എൻഐഎ സംഘം പിടികൂടിയത്. ഇവർ 2023 ലെ പൂനെ ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധമുള്ളവരാണാണ് എന്ന്  കണ്ടെത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. 

ജക്കാർത്തയിൽ നിന്നുമാണ് ഇവർ മുംബൈ വിമാനത്താവളത്തിൽ എത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരും മഹാരാഷ്ട്രയിൽ ഐഇഡി നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്ത കേസിലെ പിടികിട്ടാപുള്ളികളെന്നും കണ്ടെത്തിയിട്ടുണ്ട്. മുംബൈയിലെ എൻ‌ഐ‌എ പ്രത്യേക കോടതി ഇവർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ അവരെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.


ഭീകര പ്രവർത്തനങ്ങൾ നടത്താനും ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാനും അറസ്റ്റിലായ രണ്ടുപേർ ഉൾപ്പെടെ പത്ത് വ്യക്തികൾ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് കേസെന്ന് എൻഐഎ പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, സ്ഫോടകവസ്തു നിയമം, ആയുധ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വ്യവസ്ഥകൾ പ്രകാരം പത്ത് പ്രതികൾക്കെതിരെയും നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com