
ദക്ഷിണ സുഡാനിൽ വിമാനം അപകടത്തിൽപെട്ടു. അപകടത്തിൽ 20 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. സുഡാന്റെ തലസ്ഥാനമായ ജൂബയിലേക്ക് പറന്നുയർന്നതിന് തൊട്ടുപിന്നാലെ പ്രാദേശിക സമയം രാവിലെ 10:30 ന് (ജിഎംടി 08.30) യൂണിറ്റി സ്റ്റേറ്റിലെ എണ്ണപ്പാടങ്ങൾക്ക് സമീപമാണ് വിമാനം തകർന്നുവീണത്. മരിച്ചവരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്നാണ് സൂചന. എണ്ണപ്പാടത്തെ തൊഴിലാളികളുമായി പോയ ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം പുറത്തുവന്നിട്ടില്ല.
എണ്ണപ്പാടത്ത് ജോലി ചെയ്യുന്ന ദക്ഷിണ സുഡാനീസ് എഞ്ചിനീയറായ വ്യക്തിയാണ് രക്ഷപ്പെട്ടത്. ഇയാളെ ബെന്റിയു സ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യൂണിറ്റി സ്റ്റേറ്റ് മന്ത്രി അറിയിച്ചു. ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിങ് കമ്പനിക്ക് (ജിപിഒസി) വേണ്ടി ലൈറ്റ് എയർ സർവീസസ് ഏവിയേഷൻ കമ്പനി പ്രവർത്തിപ്പിക്കുന്ന യുക്രെയ്നിയൻ പാസഞ്ചർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിന് 500 മീറ്റർ അകലെ വച്ചായിരുന്നു അപകടം. എല്ലാ യാത്രക്കാരും ജിപിഒസി ജീവനക്കാരാണ്. ഇതിൽ 16 പേർ ദക്ഷിണ സുഡാൻ സ്വദേശികളും രണ്ട് പേർ ചൈനീസ് പൗരരും ഒരാൾ ഇന്ത്യക്കാരനാണെന്നുമാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്.
2011ൽ വടക്കൻ സുഡാനുമായി വേർപെട്ടതിനു ശേഷം വലിയ തോതിലുള്ള സാമ്പത്തിക രാഷ്ട്രീയ അസ്ഥിരത അനുഭവിക്കുന്ന പ്രദേശമാണ് ദക്ഷിണ സുഡാൻ. അടിസ്ഥാന ഗതാഗത സൗകര്യങ്ങളുടെ അഭാവമുള്ള രാജ്യത്ത് വിമാനാപകടങ്ങൾ സാധാരണമാണ്. വിമാനങ്ങളിൽ അമിതഭാരം വഹിക്കുന്നതും മോശം കാലാവസ്ഥയുമാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.
2021-ൽ ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിക്കായി ഇന്ധനം വഹിച്ചുകൊണ്ടിരുന്ന ഒരു ചരക്ക് വിമാനം ജൂബയ്ക്ക് സമീപം തകർന്നുവീണ് അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. 2015 ൽ ജൂബയിൽ ആന്റനോവ് വിമാനാപകടത്തിൽ 36 പേരാണ് കൊല്ലപ്പെട്ടത്.