ഡൽഹി വിമാനത്താവള അപകടം; മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം

ഇന്നലെ രാത്രി മുതൽ ആരംഭിച്ച കനത്ത മഴയിലാണ് ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ -1ന്‍റെ മേൽക്കൂര തകർന്ന് വീണത്
ഡൽഹി വിമാനത്താവള അപകടം; മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം
Published on

ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ -1ൻ്റെ മേൽക്കൂര തകർന്ന് വീണ് മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി പറഞ്ഞു. ആറ് പേരാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ രാത്രി മുതൽ ആരംഭിച്ച കനത്ത മഴയിലാണ് ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ -1ന്‍റെ മേൽക്കൂര തകർന്ന് വീണത്. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. യാത്രക്കാരെ കൊണ്ടുപോകുവാനായി നിർത്തിയിട്ടിരുന്ന ടാക്സി കാറുകൾക്കു മുകളിലേക്ക് മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. ടെർമിനല്‍ -1ന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിലെ രണ്ടും മൂന്നും ടെർമിനലുകളില്‍ നിന്നും യാത്രാ സൗകര്യം ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

സംഭവ സ്ഥലം സന്ദർശിച്ച വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു കിഞ്ചാരപു വിമാനത്താവളത്തിൻ്റെ നടത്തിപ്പുകാരായ ജിഎംആറിനെതിരെ ഉന്നതതല അന്വേഷണം നടത്തുമെന്ന് പറഞ്ഞു. മരണമടഞ്ഞ വ്യക്തിയുടെ കുടുബത്തിന് 20 ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നു പ്രഖ്യാപിച്ച മന്ത്രി യാത്ര മുടങ്ങിയവര്‍ക്ക് മുഴുവൻ തുകയും തിരികെ നൽകാനും നിർദേശിച്ചു.

തുടർച്ചയായ രണ്ടാം ദിവസവും ഡല്‍ഹിയില്‍ മഴ തുടരുകയാണ്. ഇന്നലത്തെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും ഡൽഹിയിൽ 48 മണിക്കൂറത്തേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com