
ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ യുവതിയുടെ ഹിജാബ് അഴിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ 6പേർ അറസ്റ്റിൽ. സ്ത്രീയുടെ ഹിജാബ് അഴിച്ചുമാറ്റുന്നതും, കൂടെ ഉണ്ടായിരുന്ന ഹിന്ദു യുവാവിനെ മർദിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഏപ്രിൽ 12 നാണ് ഖലാപർ പ്രദേശത്തെ 20 വയസുകാരിയായ ഫർഹീനും, സുഹൃത്ത് സച്ചിനും ചേർന്ന് വായ്പാ വാങ്ങാൻ പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. വഴിയിൽ വച്ച് 10ഓളം പേരടങ്ങുന്ന സംഘം ഇവരെ തടഞ്ഞുനിർത്തുകയും, അസഭ്യം പറയുകയും, ആക്രമിക്കുകയുമായിരുന്നു. ആക്രമിക്കുന്ന ദൃശ്യങ്ങൾ ഒരു കാഴ്ചക്കാരൻ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ട് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഫർഹീൻ പരാതി നൽകിയതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. "വീഡിയോയിൽ നിന്ന് കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞാൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. കർശനമായ നിയമനടപടികൾ പിന്തുടരും," സിഒ രാജു കുമാർ സാവോ പറഞ്ഞു.