കാനഡയില്‍ മാർക്ക് കാർണിക്കൊപ്പം അധികാരത്തിലേറുക 20 അംഗ മന്ത്രിസഭ; ട്രൂഡോ ക്യാബിനറ്റിലെ പ്രബലരെ ഒഴിവാക്കിയേക്കും

2015ൽ തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ 31 അം​ഗങ്ങളാണുണ്ടായിരുന്നത്
മാർക്ക് കാർണി
മാർക്ക് കാർണി
Published on

കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയാകുന്ന മാർക്ക് കാർണിക്കൊപ്പം അധികാരത്തിലേറുക കുറഞ്ഞ അം​ഗ സംഖ്യയുള്ള ഒരു മന്ത്രിസഭയായിരിക്കും. 20 പേരാകും മന്ത്രിസഭയിലുണ്ടാകുക എന്നാണ് ലിബറൽ പാർട്ടിയോട് അടുത്ത് നിൽക്കുന്നവർ പറയുന്നത്. ട്രംപ് ഭരണകൂടം കാനഡയുമായി നടത്തുന്ന വ്യാപാര യുദ്ധങ്ങളെ എങ്ങനെ ഈ ചെറിയ മന്ത്രിസഭ കാര്യക്ഷമമായി നേരിടുന്നു എന്നതായിരിക്കും വരുന്ന തെരഞ്ഞെടുപ്പിൽ ജനവിധി നിശ്ചിയിക്കുക. 2015ൽ തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ 31 അം​ഗങ്ങളാണുണ്ടായിരുന്നത്.

കാർണിയുടെ 20 അം​ഗ മന്ത്രിസഭയിൽ മുൻ ലിബറൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്തരില്‍ പലരും ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ട്രൂഡോ മന്ത്രിസഭയുടെ ആരോഗ്യമന്ത്രി മാർക്ക് ഹോളണ്ട്, ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ, ക്യൂബെക്ക് ലെഫ്റ്റനന്റ് ആൻഡ് പ്രൊക്യുർമെന്റ് മന്ത്രി ജീൻ-യെവ്സ് ഡുക്ലോസ്, ട്രഷറി ബോർഡ് പ്രസിഡന്റ് ജിനെറ്റ് പെറ്റിറ്റ്പാസ് ടെയ്‌ലർ, ഫിഷറീസ് മന്ത്രി ഡയാൻ ലെബൗത്തിലിയർ എന്നിവർ കാർണി മന്ത്രിസഭയിൽ ഉണ്ടാവില്ല. എന്നാൽ, ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക്, വിദേശകാര്യ മന്ത്രി മെലാനി ജോളി, പൊതുസുരക്ഷാ മന്ത്രി ഡേവിഡ് മക്ഗിന്റി എന്നിവർ ഉന്നത സ്ഥാനങ്ങളിൽ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവരെല്ലാം തന്നെ യുഎസുമായുള്ള വ്യാപാര യുദ്ധത്തിൽ പ്രധാന പങ്കുവഹിക്കുന്നവരാണ്.

ഉപപ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും കാർണി പരി​ഗണിക്കാൻ സാധ്യതയില്ല. എന്നാൽ, ട്രൂഡോ മന്ത്രിസഭയിൽ നിന്ന് ധനകാര്യ മന്ത്രി സ്ഥാനം രാജിവച്ച ക്രിസ്റ്റിയ ഫ്രീലാൻഡിന് അവരുടെ സ്ഥാനം തിരികെ ലഭിച്ചേക്കും. ഡിസംബർ 16നാണ് ക്രിസ്റ്റിയ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. പിന്നാലെ ട്രൂഡോ ഒഴിഞ്ഞ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു. കാർണിക്ക് പിന്നിൽ രണ്ടാം സ്ഥാനം നേടാനെ ക്രിസ്റ്റിയയ്ക്ക് സാധിച്ചിരുന്നുള്ളു.

മന്ത്രിസഭയ്ക്ക് പുറമെ പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോ​ഗസ്ഥരെയും കാർണി നിയമിച്ചേക്കും. മുൻ ലിബറൽ എംപിയും കാബിനറ്റ് മന്ത്രിയുമായ മാർക്കോ മെൻഡിസിനോയായിരിക്കും ചീഫ് ഓഫ് സ്റ്റാഫ്. നിരവധി ലിബറൽ കാബിനറ്റ് മന്ത്രിമാരുടെ ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിച്ചിട്ടുള്ള സിൻഡി ജെങ്കിൻസായിരിക്കും സഹായി. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ ചേരാൻ പോയ ട്രൂഡോയുടെ മുൻ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മാർജോറി മൈക്കൽ, ഒരു ചെറിയ കാലയളവിലേക്ക് ഇവരെ സഹായിക്കാൻ പി‌എം‌ഒയിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്. കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി ജെയ്ൻ ഡീക്സ്, പാർലമെന്ററി കാര്യ ഡയറക്ടറായി കെവിൻ ലെംകെ, ഓപ്പറേഷൻസ് ഡയറക്ടറായി അംഗദ് ധില്ലൺ, നയം കൈകാര്യം ചെയ്യുന്ന ടിം കൃപ എന്നിവരാണ് മറ്റ് പ്രധാന സ്ഥാനം വഹിക്കുന്നവർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com