പൂനെയിൽ 21കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു; മഹാരാഷ്ട്രയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പ്രതിപക്ഷം

പരാതിക്കാരിക്കൊപ്പം സുഹൃത്തിനേയും മൂന്നംഗ സംഘം ആക്രമിച്ചെന്നും കൊന്ദ്‌വ പൊലീസ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു
പൂനെയിൽ 21കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു; മഹാരാഷ്ട്രയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പ്രതിപക്ഷം
Published on


മഹാരാഷ്ട്രയിലെ പൂനെയിൽ 21 കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ രാത്രി 11 മണിയോടെ ബോപ്ദേവ് ഘട്ടിലെ വിജനമായ പ്രദേശത്ത് സുഹൃത്തിനൊപ്പം എത്തിയപ്പോഴായിരുന്നു ആക്രമണം നേരിട്ടത്.

സംഭവം പുലർച്ചെ അഞ്ച് മണിയോടെയാണ് പൊലീസ് അറിഞ്ഞത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പരാതിക്കാരിക്കൊപ്പം സുഹൃത്തിനേയും മൂന്നംഗ സംഘം ആക്രമിച്ചെന്നും കൊന്ദ്‌വ പൊലീസ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഭവം മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ശിവസേന (ഉദ്ദവ് ബാൽതാക്കറെ) വിഭാഗം നേതാവ് ആനന്ദ് ദുബെ, എൻസിപി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ എന്നിവർ ഏക്‌നാഥ് ഷിൻഡെ സർക്കാരിനെ നിശിതമായി വിമർശിച്ച് രംഗത്തെത്തി.

ബിജെപി നേതൃത്വത്തിലുള്ള സർക്കാർ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ പരാജയമാണെന്ന് ആനന്ദ് ദുബെ പറഞ്ഞു. "സർക്കാർ പരാജയമാണെന്ന് ക്രിമിനലുകൾക്ക് അറിയാം. മഹാരാഷ്ട്രയിലെ ക്രമസമാധാനം തകർന്ന നിലയിലാണ്. ലാഡ്ലി ബഹൻ യോജന നടത്തുന്ന സർക്കാരിന് സംസ്ഥാനത്തെ സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കാൻ കഴിയുന്നില്ല," ദുബെ വിമർശിച്ചു.

മഹാരാഷ്ട്രയിലും പൂനെയിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും, സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പറയേണ്ടി വരുന്നതിൽ ദുഃഖമുണ്ടെന്നും സുപ്രിയ സുലെ പറഞ്ഞു. "ആഭ്യന്തര വകുപ്പ് ഇതെല്ലാം നേരിടുന്നതിൽ പരാജയമാണ്. സർക്കാർ കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കണം," സുപ്രിയ സുലെ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com