
വയനാട് മുത്തങ്ങ വെടിവെപ്പ് നടന്നിട്ട് ഇന്നേക്ക് 22ാം വർഷം തികയുന്നു. ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയ കുടിൽ കെട്ടി സമരവും, പൊലീസ് വെടിവെപ്പും ദേശീയ തലത്തിൽ തന്നെ ചർച്ചയായിരുന്നു. മുത്തങ്ങ സമരത്തിൽ പങ്കെടുത്ത പലർക്കും ഇന്നും ഭൂമി ലഭിച്ചില്ലെന്നത് അനീതിയുടെ നേർ ചിത്രമായി തുടരുന്നു.
2003 ഫെബ്രുവരി 19, സ്വന്തം ഭൂമിക്കായി വയനാട് മുത്തങ്ങയിൽ ആദിവാസികളുടെ കുടിൽ കെട്ടി സമരം നടക്കുകയായിരുന്നു. സമാധനപരമായി നീങ്ങിയ സമരത്തെ ആയുധങ്ങളുമായി തമ്പടിച്ചിരിക്കുന്നെന്ന പ്രതീതിയിലാണ് പൊലീസ് കണ്ടത്. പിന്നാലെ ഇവർക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. പൊലീസിൻ്റെ ഏകപക്ഷീയമായ ആക്രമണത്തെ ആദിവാസികൾ പ്രതിരോധിക്കാൻ തുടങ്ങിയതോടെ സംഘർഷം കനത്തു. സംഘർഷത്തിൽ രണ്ട് ജീവനുകളാണ് നഷ്ടപ്പെട്ടത്. കേരള ചരിത്രത്തിലെ ആദിവാസി മുന്നേറ്റങ്ങളുടെ പ്രധാനപ്പെട്ട ഏടായി മാറി വയനാട് മുത്തങ്ങയിലെ ഭൂ സമരം.
ജോഗിയെന്ന ആദിവാസി യുവാവിനും വിനോദെന്ന പൊലീസുകാരനുമാണ് വെടിവെപ്പിൽ ജീവൻ നഷ്ടമായത്. ആദിവാസി ഭൂ സമരങ്ങൾക്കും ആദിവാസികളോടുള്ള സർക്കാറുകളുടെ സമീപനത്തിനും മാറ്റം വരുത്തിയതായിരുന്നു മുത്തങ്ങ സമരം. വെടിവെപ്പ് ആദിവാസി മുന്നേറ്റങ്ങൾക്ക് പുതിയ ദിശ സമ്മാനിച്ചുവെങ്കിലും മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്ത പലർക്കും ഇന്നും ഭൂമി ലഭിച്ചിട്ടില്ല.
ആദിവാസികൾക്ക് സമരഭൂമിയിലെത്തി ക്ലാസ്സ് എടുത്തു എന്ന് പറഞ്ഞാണ് ബത്തേരി സ്വദേശി സുരേന്ദ്രനെ പൊലീസ് പിടിച്ചു കൊണ്ട് പോയത്. ഒരു മാസം ജയിലിലടച്ചു. പിന്നീട് വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സർക്കാരിന് നഷ്ടപരിഹാരവും നൽകേണ്ടി വന്നു.
മുത്തങ്ങ സമരത്തിന് പിന്നാലെ സെക്രട്ടറിയറ്റിന് മുമ്പിൽ അടക്കം നടത്തിയ പോരാട്ടത്തിന്റെ ഫലമായിരുന്നു ആദിവാസികൾക്ക് ഭൂമി അനുവദിക്കാനുള്ള സർക്കാർ തീരുമാനം. കേരളത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന ഭൂ സമരങ്ങൾക്ക് ഇപ്പോഴും പ്രചോദനമാണ് മുത്തങ്ങ സമരം.