"60 ദിവസത്തിനുള്ളിൽ നിക്ഷേപത്തിൻ്റെ ഇരട്ടി ലഭിക്കും"; അസമിൽ 22,000 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ്

തൻ്റെ സമ്പന്നമായ ജീവിതശൈലി ഉപയോഗിച്ചായിരുന്നു പ്രതി വിശാൽ ഫുകാൻ ആളുകളെ തട്ടിപ്പിലേക്കെത്തിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on



അസമിൽ ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിങ്ങിലൂടെ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി അസം പൊലീസ്. പണം ഇരട്ടിയാക്കാമെന്ന് അവകാശപ്പെട്ട് ആളുകളിൽ നിന്ന്  ഏകദേശം 22,000 കോടി രൂപ  സംഘം തട്ടിയെടുത്തതായാണ് റിപ്പോർട്ട്. കേസിൽ ദിബ്രുഗഡിൽ നിന്നുള്ള ഓൺലൈൻ വ്യാപാരിയായ വിശാൽ ഫുകാൻ (22), ഗുവാഹത്തിയിൽ നിന്നുള്ള സ്വപ്‌നിൽ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തൻ്റെ സമ്പന്നമായ ജീവിതശൈലി ഉപയോഗിച്ചായിരുന്നു പ്രതി വിശാൽ ഫുകാൻ ആളുകളെ തട്ടിപ്പിലേക്കെത്തിച്ചത്. 60 ദിവസത്തിനുള്ളിൽ നിക്ഷേപത്തിൻ്റെ 30% തിരികെ ലഭിക്കുമെന്നായിരുന്നു വിശാലിൻ്റെ വാഗ്ദാനം. ഇയാൾ നാല് വ്യാജ കമ്പനികൾ സ്ഥാപിച്ച് അസമീസ് സിനിമാ മേഖലയിൽ നിക്ഷേപം നടത്തുകയും നിരവധി സ്വത്ത് സമ്പാദിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

ദിബ്രുഗഡിലെ ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. ഫുകാൻ്റെ നെറ്റ്‌വർക്കുമായി ബന്ധമുള്ള ആസാമീസ് കൊറിയോഗ്രാഫർ സുമി ബോറയെയാണ് പൊലീസ് ഇപ്പോൾ തിരയുന്നത്. കുറഞ്ഞ പ്രയത്നത്തിൽ പണം ഇരട്ടിയാക്കുമെന്ന വാഗ്ദാനങ്ങൾ വഞ്ചനാപരമാണെന്നും ഇത്തരം ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജനങ്ങളോട് അഭ്യർഥിച്ചു.

"ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ വഴി, ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്ന സംവിധാനം ഇല്ലെന്ന് ജനങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. തട്ടിപ്പുകാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വഞ്ചകരിൽ നിന്ന് അകന്നു നിൽക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. അനധികൃത ഇടനിലക്കാർക്കെതിരെ പൊലീസ് ഇപ്പോൾ കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ റാക്കറ്റിനെയും തകർക്കാൻ ശ്രമിക്കും,” ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.

സെബിയുടെയോ ആർബിഐയുടെയോ മാർഗനിർദേശങ്ങൾ പാലിക്കാതെ നിരവധി ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ സംസ്ഥാനത്ത് ബിസിനസ്സ് നടത്തുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സംസ്ഥാനം മുഴുവൻ വ്യാപിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അഴിമതിയിൽ ഇനിയും നിരവധി അറസ്റ്റുകൾ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com