കൊല്ലത്തെ സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി; പാർട്ടിയിൽ എതിരില്ലാത്ത കരുത്തായി തുടർന്ന് പിണറായി വിജയൻ

മൂന്നാമതും ഭരണം നേടിയാൽ പിണറായി തന്നെ സർക്കാരിന് നേതൃത്വം നൽകുമോയെന്ന് നിലവിൽ സിപിഐഎം ഉറപ്പിക്കുന്നില്ല. പക്ഷേ തെരഞ്ഞെടുപ്പിൽ പാർട്ടിയെയും മുന്നണിയെയും നയിക്കുക പിണറായി തന്നെയാകുമെന്ന സൂചനയോടെയാണ് കൊല്ലം സമ്മേളനത്തിന് കൊടിയിറങ്ങുന്നത്
കൊല്ലത്തെ സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി; പാർട്ടിയിൽ എതിരില്ലാത്ത കരുത്തായി തുടർന്ന് പിണറായി വിജയൻ
Published on

കൊല്ലം സംസ്ഥാന സമ്മേളനം പൂർത്തിയാകുമ്പോൾ പാർട്ടിയിൽ എതിരില്ലാത്ത കരുത്തായി തുടരുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം എൽഡിഎഫ് സർക്കാർ എന്ന ഒറ്റ ലക്ഷ്യത്തിൽ ഊന്നിയായിരുന്നു ഇക്കുറി പാർട്ടി സമ്മേളനത്തിൻ്റെ എല്ലാ അജണ്ടയും. എന്നാൽ മൂന്നാമതും ഭരണം നേടിയാൽ പിണറായി തന്നെ സർക്കാരിന് നേതൃത്വം നൽകുമോയെന്ന് നിലവിൽ സിപിഐഎം ഉറപ്പിക്കുന്നില്ല. പക്ഷേ തെരഞ്ഞെടുപ്പിൽ പാർട്ടിയെയും മുന്നണിയെയും നയിക്കുക പിണറായി തന്നെയാകുമെന്ന സൂചനയോടെയാണ് കൊല്ലം സമ്മേളനത്തിന് കൊടിയിറങ്ങുന്നത്.


വിഭാഗീയതയുടെ ഇരുൾത്തിരകൾ കടന്ന് തുടർഭരണം ആവർത്തിച്ചേക്കും എന്ന ആത്മവിശ്വാസത്തിലേക്ക് സിപിഐഎം വരുമ്പോൾ പാർട്ടി രീതികളും അടിമുടി മാറുകയാണ്. പാർട്ടി സംഘടനാ സംവിധാനം സർക്കാരുമായി സമീപ ചരിത്രത്തിൽ മുമ്പില്ലാത്ത വിധം ചേർന്നുനിൽക്കുന്നു. അതുവഴി പാർട്ടിയുടെ നിയന്ത്രണവും ഏറെക്കുറെ പൂർണമായും പിണറായി വിജയനിലേക്ക് ചെന്നുചേരുന്നു.

സർക്കാരിനെ നയിക്കുന്ന ശക്തിയായല്ല, മറിച്ച് സർക്കാരിന് പിന്നിൽ അണിനിരക്കുന്ന സംവിധാനമായി പാർട്ടി മാറിയെന്നത് ആദ്യ എൽഡിഎഫ് സർക്കാരിൻ്റെയും തുടർഭരണത്തിൻ്റെയും സവിശേഷതയായി. സെക്രട്ടറിമാരുടെ പ്രവർത്തന റിപ്പോർട്ടിലൂന്നി മാത്രം ചർച്ച നടത്തുന്ന ശൈലിയായിരുന്നു 2018 വരെ സിപിഐഎം സംസ്ഥാന സമ്മേളനങ്ങളിൽ പിന്തുടർന്നിരുന്നത്.

എന്നാൽ എറണാകുളം സമ്മേളനത്തിൽ ആ പതിവ് തെറ്റി. അന്ന് പിണറായി വിജയൻ അവതരിപ്പിച്ച നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാട് എന്ന നയരേഖ വലിയ വാർത്തയായി. കൊല്ലത്ത് എത്തിയപ്പോൾ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തിന് പുതുവഴികൾ എന്ന നയരേഖ സമ്മേളനത്തിലെ മുഖ്യ ചർച്ചയായി. ഒരു പക്ഷേ പ്രവർത്തന റിപ്പോർട്ടിനും സംഘനാ റിപ്പോർട്ടിനും മീതെ വാർത്താ പ്രാധാന്യം നേടി. പാർട്ടി മുഖ്യമന്ത്രിയുടെ ചുമലിലേക്ക് ചായുന്നതിൻ്റെ തെളിവുകൂടിയായി ഇത്.



പ്രായപരിധിയിലുൾപ്പെടെ പിണറായിക്ക് ഇളവുണ്ടാകുമെന്ന പ്രഖ്യാപനം സമ്മേളനം തുടങ്ങുന്നതിന് മുൻപേ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനിൽ നിന്നുണ്ടായി. മുഖ്യമന്ത്രിയുടെ നയരേഖയിന്മേൽ ചർച്ച നടക്കുന്നതിന് മുമ്പ് തന്നെ കുതിപ്പിന് കരുത്തേകാൻ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ ലേഖനമെഴുതി എം.വി.ഗോവിന്ദൻ പിണറായിക്ക് പിന്തുണ നൽകി. സ്വകാര്യ നിക്ഷേപം ഉൾപ്പെടെ മുന്നോട്ടുവച്ച് വൻ വികസനം ലക്ഷ്യമിടുന്ന, സാമ്പത്തികമായി ഉയർന്ന വിഭാഗങ്ങളിൽ നിന്ന് ഫീസും സെസും പിരിക്കാൻ ഉൾപ്പെടെ നിർദേശിക്കുന്ന നയരേഖയെക്കുറിച്ച് ഒറ്റപ്പെട്ട സന്ദേഹങ്ങളുയർന്നെങ്കിലും ആരും അതിനെ തുറന്നെതിർത്തില്ല. ഏറെക്കുറെ ഒരേ സ്വരത്തിൽ സമ്മേളനം നയരേഖ അംഗീകരിച്ചു.

മുഖ്യമന്ത്രിയൊഴികെ മറ്റൊരു മന്ത്രിയുടെ പ്രവർത്തനത്തിലും സമ്മേളന പ്രതിനിധികൾക്ക് വേണ്ടത്ര മതിപ്പുണ്ടായിരുന്നില്ല. പിണറായി വിജയൻ്റെ നേതൃശേഷിക്കും പ്രഭാവത്തിനും പകരം വയ്ക്കാൻ സിപിഐഎമ്മിൽ നിലവിൽ മറ്റൊരു പേരുമില്ല. രണ്ട് ടേം വ്യവസ്ഥയിൽ പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രിക്ക് ഇളവ് നൽകണമോയെന്ന് തീരുമാനിക്കേണ്ടത് ആ ഘടകമാണ്. എങ്കിലും സംസ്ഥാന സമ്മേളനത്തിൽ പിണറായിക്ക് അനുകൂലമായി ഉയർന്ന വികാരം പിബിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. തുടർഭരണം കിട്ടിയാൽ പിണറായി മുഖ്യമന്ത്രിയാകുമോ എന്നത് പിന്നീടുള്ള കാര്യം. തുടർഭരണം ലഭിച്ചാൽ മുഖ്യമന്ത്രിയാരെന്നത് സംസ്ഥാന സമ്മേളനം ചർച്ച ചെയ്യേണ്ട വിഷയവുമല്ല. പക്ഷേ പട നയിക്കുന്നത് പിണറായി തന്നെയാകുമെന്ന് കൊല്ലം സമ്മേളനത്തിലെ വികാരം ഏതാണ്ട് ഉറപ്പിക്കുന്നു.


2005ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ വിഎസ് പക്ഷത്തുനിന്ന് മത്സരിച്ച 12 പേരെയും പിണറായി നേതൃത്വം നൽകിയ ഔദ്യോഗിക ചേരി പരാജയപ്പെടുത്തി. പിന്നീടിങ്ങോട്ടുള്ള സമ്മേളനങ്ങളിൽ വിഭാഗീയത നേർത്തുനേർത്ത് ഇല്ലാതെയായി. ഇപ്പോഴത് പ്രാദേശികമായ ചില തുരുത്തുകളിൽ പ്രാദേശികമായ പ്രശ്നങ്ങളെച്ചൊല്ലി മാത്രം. സംഘടനാ രംഗത്തും പാർലമെൻ്ററി രംഗത്തും പിണറായിയോളം കെൽപ്പും കരുത്തുമുള്ള മറ്റൊരു നേതാവ് ഇന്ന് സിപിഐഎമ്മിനില്ല. യുവാക്കളുടെ പുതിയ നേതൃത്വം കടന്നുവരുന്നതോടെ അടിത്തട്ടിലെ നേതൃനിരക്കും കരുത്തുകൂടും. പക്ഷേ അമരത്തിരുന്ന് അടനയമ്പ് പിടിക്കാൻ തത്കാലം പിണറായി മാത്രം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com