
കാർഗിലിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് ഇന്ന് ഇരുപത്തിയഞ്ച് വർഷം. 1999 മെയ് മുതൽ രണ്ടര മാസം നീണ്ടുനിന്ന യുദ്ധത്തിൽ അന്ന് 500ഓളം ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. പാക് സൈന്യത്തിനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണ പുതുക്കുകയാണ് കാർഗിൽ വിജയ് ദിവസം.
മഞ്ഞ് പുതഞ്ഞുകിടക്കുന്ന കശ്മീർ താഴ്‌വരയിൽ കൂട്ടം തെറ്റിപ്പോയ രണ്ട് യാക്കുകളെ തെരയുകയായിരുന്നു ആട്ടിടയന്മാർ. പെട്ടെന്നാണ് നിയന്ത്രണരേഖയ്ക്ക് സമീപം ആയുധധാരികളായ അപരിചിതർ നിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. വിവരം ഇന്ത്യൻ സൈന്യത്തെ അറിയിച്ചു. അതു കേട്ട് സധൈര്യം പുറപ്പെട്ടതാണ് ക്യാപ്റ്റൻ സൗരഭ് കാലിയയും സംഘവും. അവരെ ക്രൂരമായി പീഡിപ്പിച്ച് പാക് സേന ജീവൻ അപഹരിച്ചു.
കശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുക. ലഡാക്കിനെയും സിയാച്ചിനെയും വെട്ടിമുറിക്കുക. ഇതായിരുന്നു പാക് സേനയുടെ ലക്ഷ്യം. ഭൂമിശാസ്ത്രപരമായ മേൽക്കൈ പാക് സൈന്യത്തിനായിരുന്നു. ഇന്ത്യൻ സേന മുകളിലേക്കു കയറണം. പാക്സൈന്യം താഴേക്കു വരുന്ന നിലയിലും. ആദ്യ ദിവസങ്ങളിൽ ഇന്ത്യ നേരിട്ട തിരിച്ചടികൾക്കു കാരണം ഇതായിരുന്നു.
1999 മെയ് മൂന്ന്. ഓപ്പറേഷൻ വിജയ് എന്ന് സൈനിക ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ പോരാട്ടം തുടങ്ങി. പിന്നീട് ലോകം സാക്ഷിയായത് 1971ലെ ഇന്ത്യ-പാക് യുദ്ധത്തിനു ശേഷമുള്ള വലിയ സൈനിക ഏറ്റുമുട്ടലിനായിരുന്നു. വനിതാ ഫ്ലൈയിങ് ഓഫിസർമാർ നേരിട്ട് പങ്കെടുത്ത ആദ്യ യുദ്ധമെന്ന പ്രത്യേകതയും കാർഗിൽ യുദ്ധത്തിനുണ്ട്. ഫ്ലൈറ്റ് ലഫ്റ്റനന്റുമാരായ ഗുഞ്ചൻ സക്സേനയും ശ്രീവിദ്യ രാജനും ഹെലികോപ്റ്റർ പറത്തി യുദ്ധമുഖത്തിറങ്ങി.
തുടർന്ന് ടോളോലിങ്, ടൈഗർ ഹിൽ, പോയിന്റ് 4875 തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങൾ തിരിച്ചുപിടിച്ചു. 500ഓളം ഇന്ത്യൻ സൈനികർക്കും 700ലധികം പാക് സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു. 1999 ജൂലൈ 26ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി എബി വാജ്പേയി ഓപ്പറേഷൻ വിജയ്, വിജയകരമെന്ന് പ്രഖ്യാപിച്ചു. യുദ്ധം അവസാനിച്ചു. അഭിമാനത്തിന്റെ ത്രിവർണ പതാക കാർഗിൽ ഭൂമിയിൽ ഉയർന്നു പാറി.