29-ാമത് ഐഎഫ്എഫ്കെ; ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം വിഖ്യാത ഹോങ്കോങ് സംവിധായക ആന്‍ ഹുയിക്ക്

10 ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം
29-ാമത് ഐഎഫ്എഫ്കെ; ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം വിഖ്യാത ഹോങ്കോങ് സംവിധായക ആന്‍ ഹുയിക്ക്
Published on

29-ാമത് ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരത്തിനായി വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തുമായ ആന്‍ ഹുയിയെ തിരഞ്ഞെടുത്തു. ഏഷ്യയിലെ വനിതാ സംവിധായകരിൽ പ്രമുഖയാണ് ആൻ. നവ തരംഗ പ്രസ്ഥാനത്തിന്‍റെ മുഖ്യപ്രയോക്താവായ ആന്‍ ഹുയി നടിയും നിർമാതാവും കൂടിയാണ്. 10 ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബര്‍ 13ന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

77കാരിയായ ആന്‍ ഹുയി അരനൂറ്റാണ്ടുകാലമായി ഹോങ്കോങിലെ സ്ത്രീകളുടെ ദൈനംദിന ജീവിതവും സാമൂഹ്യ പ്രശ്നങ്ങളും ചലച്ചിത്രം എന്ന മാധ്യമത്തിലൂടെ അവതരിപ്പിക്കുന്നു. ഹോങ്കോങ് നവതരംഗ മുന്നേറ്റത്തിന് സ്ത്രീപക്ഷ കാഴ്ചപ്പാട് പകര്‍ന്നു നല്‍കിയത് ആന്‍ ഹുയി ആണ്. ഏഷ്യന്‍ സംസ്‌കാരങ്ങളിലെ വംശീയത, ലിംഗവിവേചനം, ബ്രിട്ടീഷ് കോളനിയെന്ന നിലയില്‍നിന്ന് ചൈനയുടെ പരമാധികാരത്തിനു കീഴിലേക്കുള്ള ഹോങ്കോങ്ങിന്‍റെ ഭരണമാറ്റം ജനജീവിതത്തില്‍ സൃഷ്ടിച്ച പരിവർത്തനങ്ങൾ, കുടിയേറ്റം,സാംസ്‌കാരികമായ അന്യവത്കരണം എന്നിവയാണ് ആന്‍ ഹുയി സിനിമകളുടെ മുഖ്യപ്രമേയങ്ങള്‍.

Also Read: സംവിധായകൻ്റെ കുപ്പായത്തിൽ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്; പ്രതീക്ഷയോടെ ആരാധകർ

2020ല്‍ നടന്ന 77ാമത് വെനീസ് ചലച്ചിത്രമേളയില്‍ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയിരുന്നു. 1997ലെ 47ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ബെര്‍ലിനാലെ ക്യാമറ പുരസ്‌കാരം, 2014ലെ 19ാമത് ബുസാന്‍ മേളയില്‍ ഏഷ്യന്‍ ഫിലിം മേക്കര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, ന്യൂയോര്‍ക്ക് ഏഷ്യന്‍ ചലച്ചിത്രമേളയില്‍ സ്റ്റാര്‍ ഏഷ്യ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിങ്ങനെ മുന്‍നിരമേളകളിലെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ആന്‍ ഹുയിക്ക് ലഭിച്ചിട്ടുണ്ട്.

29ാമത് ഐഎഫ്എഫ്കെയില്‍ ആന്‍ ഹുയിയുടെ അഞ്ച് സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ജൂലൈ റാപ്‌സഡി, ബോട്ട് പീപ്പിള്‍, എയ്റ്റീന്‍ സ്പ്രിങ്‌സ്, എ സിമ്പിള്‍ ലൈഫ്, ദ പോസ്റ്റ് മോഡേണ്‍ ലൈഫ് ഓഫ് മൈ ഓണ്‍ട് എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com