കഷ്ടപ്പാടെല്ലാം മാറാൻ ഐഎഎസുകാരിയാകണം! ബുൾഡോസർ വെച്ച് കുടിൽ പൊളിക്കുമ്പോഴും പുസ്തകം എടുത്ത് ഓടിയ രണ്ടാം ക്ലാസുകാരി

അനന്യ യാദവെന്ന യുപിക്കാരി പെൺകുട്ടിയുടെ ഓട്ടം പരാമർശിച്ച് ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതിയും രൂക്ഷവിമർശനം നടത്തി
കഷ്ടപ്പാടെല്ലാം മാറാൻ ഐഎഎസുകാരിയാകണം! ബുൾഡോസർ വെച്ച് കുടിൽ പൊളിക്കുമ്പോഴും പുസ്തകം എടുത്ത് ഓടിയ രണ്ടാം ക്ലാസുകാരി
Published on

 
ബുൾഡോസർ വെച്ച് സ്വന്തം കുടിൽ പൊളിക്കുന്നത് കണ്ട് പ്രിയപ്പെട്ടവ പലതും ത്യജിച്ച് പുസ്തകങ്ങൾ മാത്രം വാരിയെടുത്ത് പുറത്തേക്ക് ഓടിയ ഒരു കൊച്ചു പെൺകുട്ടി. ആ ഏഴ് വയസ്സുകാരിയുടെ ഓട്ടം രാജ്യത്തിന്റെ ഹൃദയത്തിലേക്കായിരുന്നു. അനന്യ യാദവെന്ന യുപിക്കാരി പെൺകുട്ടിയുടെ ഓട്ടം പരാമർശിച്ച് ബുൾഡോസർ രാജിനെതിരെ സുപ്രിംകോടതിയും രൂക്ഷവിമർശനം നടത്തി. വീഡിയോ വൈറലായതോടെ നേതാക്കളും സംഘടനകളും അവളെ കാണാനെത്തുകയാണിപ്പോൾ..

സ്കൂൾ വിട്ട് വന്നപ്പോഴാണ് അവളത് കാണുന്നത്. വലിയ ഒച്ച. കൂറ്റൻ ബുൾഡോസർ വെച്ച് വീടുകളും സ്വന്തം കുടിലുമെല്ലാം പൊളിക്കുന്നു. കുടിലിന് സമീപം തീയും പുകയും. വീട്ടുകാർ ഉദ്യോഗസ്ഥരോട് സങ്കടപ്പെടുന്നു. അമ്മ വളർത്തു മൃഗങ്ങളുടെ കെട്ടഴിക്കുന്നു.. ഒന്നും നോക്കിയില്ല, പ്രിയപ്പെട്ട പലതും വേണ്ടെന്ന് വെച്ച് പുസ്തകങ്ങൾ മാത്രം കയ്യിലെടുത്ത് ആ എട്ട് വയസ്സുകാരി പുറത്തേക്കോടി. യുപിയിലെ അംബേദ്കർ നഗർ ജില്ലയിലെ ജലാൽപുർ അരായ് പ്രദേശത്തെ ബുൾഡോസിങിന്റെ വീഡിയോയിൽ പുസ്തകമെടുത്തുള്ള രണ്ടാംക്ലാസുകാരിയുടെ ഓട്ടം പതിഞ്ഞു. ബഹളത്തിനും പൊടിപടലങ്ങൾക്കുമിടയിലൂടെ അനന്യ യാദവ് ഓടിയ വീഡിയോ വൈറലായി. കഷ്ടപ്പാടെല്ലാം മാറാൻ ഐഎഎസുകാരിയാകണം. പുസ്തകം നഷ്ടപ്പെട്ടാൽ മാർക്ക് കുറയും. അത് പേടിച്ചാണ് ബാഗുമെടുത്ത് ഓടിയത്- അവൾ മാധ്യമങ്ങളോട് പറഞ്ഞു.

ആ വാക്കുകളും വീഡിയോയും സുപ്രിംകോടതിയുടെ നെഞ്ചിലടക്കം കൊണ്ടു. 2021 ലെ അലഹബാദ് ബുൾഡോസർ രാജ് കേസിൽ വിധി പറയവേ മാർച്ച് 21, നടന്ന സംഭവം, സുപ്രിംകോടതി പ്രത്യേകം എടുത്തുപറഞ്ഞു. അനന്യയുടെ ഓട്ടം പരാമശിച്ച്, അതിരൂക്ഷ ഭാഷയിൽ യുപി സർക്കാരിനെ കോടതി വിമർശിച്ചു. സാമാന്യബുദ്ധിക്ക് നിരക്കാത്ത നടപടിയാണ് അലഹബാദ് ഡെവലപ്. അതോറിറ്റി ചെയ്തത്. പഠനം മുടങ്ങുമെന്ന ഭീതിയിൽ ഒരു കൊച്ചു കുട്ടി ബുക്കെടുത്ത് ഓടുന്നതുകണ്ട് വേദന തോന്നി. എന്ത് തരം നിയമം നടപ്പാക്കലാണിത് - ജസ്റ്റിസ് അഭയ് എസ് ഓക്കെ, ജസ്റ്റിസ് ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് രോഷത്തോടെ ചോദിച്ചു.

വീട് ഒരു കേവല നി‍ർമിതിയല്ല, ജീവിതങ്ങളും കുറെ സ്വപ്നങ്ങളുമുണ്ടതിൽ. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടിയാണിത്. 2021 ലെ അലഹബാദ് ബുൾഡോസിങ് ഹർജിയിൽ പത്തുലക്ഷം നഷ്ടപരിഹാരം 6 ആഴ്ച്ചയ്ക്കുള്ളിൽ നൽകണം. കയ്യടി കിട്ടാൻ പൊളിക്കേണ്ടതല്ല വാസസ്ഥലം. ആർ‌ട്ടിക്കിൾ 21 പ്രകാരം ഭരണ​ഘടനാവകാശമാണത് - ജില്ലാ ഭരണകൂടത്തോട് സുപ്രിംകോടതി പറഞ്ഞു.

ഏതായാലും അനന്യയുടെ സ്വപ്നത്തിന് പുറകേയാണിപ്പോൾ സോഷ്യൽ മീഡിയ. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അനന്യയുടെ വീഡിയോ പോസ്റ്റ് ചെയ്തു, അതോടെ കൂടുതൽ വൈറലായി. രാഷ്ട്രീയ നേതാക്കളടക്കം അവളെ കാണാനെത്തി. അനന്യയുടെ അച്ഛന് കൂലിപ്പണിയാണ്. 50 കൊല്ലമായി കുടിലിലാണ് ജീവിതം. ഒരു കുറ്റവും ഞങ്ങൾ ചെയ്തിട്ടില്ല, ഒന്നും കയ്യേറിയിട്ടില്ല. ഇനി എങ്ങോട്ട് പോകും - 70 വയസ്സുള്ള മുത്തച്ഛൻ രാംമിലൻ യാദവ് മാധ്യമങ്ങളോട് ചോദിച്ചു.

എന്നാൽ ഒഴിപ്പിക്കൽ നോട്ടീസ് നൽ​കിയിരുന്നെന്നും കുടുംബങ്ങൾ പാലിച്ചില്ലെന്നുമാണ് ജലാൽപുർ സബ് ഡിവി. മജിസ്ട്രേറ്റ് വാദം. കയ്യേറ്റം ഒഴിപ്പിക്കാനുള്ള സർ‌ക്കാർ നിർദേശം നടപ്പാക്കുക മാത്രമാണ് ചെയ്തത്. പൊളിക്കാനെത്തിയപ്പോൾ ആളുകൾ പ്രതിഷേധിച്ചു. കുടിലിന് തീവെച്ചത് ആരെന്നറിയില്ല. തീ ഉയർന്നപ്പോൾ കാര്യങ്ങൾ കൈവിട്ടു- അസി. കലക്ടർ പവൻ ജയ്സ്വാൾ പറഞ്ഞു. ആ കുട്ടിയുടെ ഓട്ടം ശ്രദ്ധയിൽപ്പെട്ടില്ല. പ്രചരിക്കുന്നത് എഐ വീഡിയോ ആണോ എന്ന് പരിശോധിക്കാൻ റവന്യൂ ഓഫീസറെ ചുമതലപ്പെടുത്തി - ജയ്സ്വാൾ പറഞ്ഞു. വ്യാജ വീഡിയോ എന്ന് സംശയമുണ്ടെന്നും കേസ് എടുത്തു എന്നുമുള്ള വിചിത്ര മറുപടിയാണ് ലോക്കൽ പൊലീസ് നൽകുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com