
തിങ്കളാഴ്ച ഗുജറാത്തിലെ പോർബന്തർ തീരത്ത് അറബിക്കടലിൽ രക്ഷാ പ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ കടലിൽ പതിച്ച് മൂന്ന് പേരെ കാണാതായി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്ററാണ് ഇന്നലെ കപ്പലിലേക്ക് എമർജൻസി ലാൻഡിങ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
പോർബന്തറിൻ്റെ തീരത്തുണ്ടായിരുന്ന മോട്ടോർ ടാങ്കറായ ഹരി ലീലയിൽ പരുക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനായാണ് കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ എത്തിയത്. പരുക്കേറ്റ ജീവനക്കാരനെ ടാങ്കറിൽ നിന്ന് പുറത്തെടുക്കാൻ രാത്രി 11 മണിക്ക് ഒരു അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്റർ വിന്യസിച്ചതായി കോസ്റ്റ് ഗാർഡ് എക്‌സിലെ പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.
“ഹെലികോപ്റ്റർ കടലിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നു. ഒരു ജീവനക്കാരനെ രക്ഷപ്പെടുത്തി. ബാക്കിയുള്ള മൂന്ന് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി നാല് കപ്പലുകളും രണ്ട് വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്," കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ അറിയിച്ചു.