
ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. റമ്പാൻ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിലാണ് മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചത്. ദുരന്തം കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ് റമ്പാൻ. മരങ്ങൾ കടപുഴകി വീഴുകയും, വൈദ്യുതി വിച്ഛേദിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രദേശവാസികളോട് മാറിത്താമസിക്കാനും ജാഗ്രത പുലർത്താനും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശ്രീനഗർ-ജമ്മു ദേശീയപാതയിലും മണ്ണിടിച്ചിലുണ്ടായി. ദേശീയ പാത നിലവിൽ അടച്ചിട്ടിരിക്കുകയാണ്. നിരവധി വീടുകളും വാഹനങ്ങളും മണ്ണിനടിയിലകപ്പെട്ടുവെന്നാണ് ലഭ്യമാകുന്ന വിവരം. ആയിരക്കണക്കിന് ആളുകളെയാണ് ദുരന്തബാധിത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത് എന്ന് ഔട്ട്ലുക്ക് റിപ്പോർട്ട് ചെയ്തു.
ദുരന്ത ബാധിതരെ മാറ്റിത്താമസിപ്പിക്കാൻ വേണ്ടിയുള്ള പുനരധിവാസ നടപടികളെ പറ്റി ആലോചിക്കുമെന്നും, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തോട് ദുഃഖം അറിയിക്കുന്നതായും, യാത്രകൾ പരമാവധി ഒഴിവാക്കാൻ ആളുകൾക്ക് മുഖ്യമന്ത്രി ഒമർ അബ്ദുള്ള നിർദേശം നൽകുകയും ചെയ്തു. ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെ ജമ്മു കശ്മീരിൽ ശക്തമായ കാലാവസ്ഥയുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.