യുപിയിലെ ഷാഹി ജമാ മസ്ജിദ് സർവേയ്‌ക്കെതിരായ സംഘർഷം;മൂന്ന് പേർ കൊല്ലപ്പെട്ടു

പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടായിരുന്നു
യുപിയിലെ ഷാഹി ജമാ മസ്ജിദ് സർവേയ്‌ക്കെതിരായ സംഘർഷം;മൂന്ന് പേർ കൊല്ലപ്പെട്ടു
Published on: 
Updated on: 

ഉത്തർപ്രദേശിലെ സംഭലിൽ മുസ്ലീം പള്ളിക്ക് മുമ്പിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഷാഹി ജമാ മസ്ജിദിൽ സർവേയ്ക്കെത്തിയ പൊലീസും പ്രദേശവാസികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. സർവേ നടത്തുന്നതിനെതിരെയായിരുന്നു പ്രദേശവാസികൾ പ്രതിഷേധിച്ചു കൊണ്ട് രംഗത്തെത്തിയത്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. 

സർവേയ്ക്കെത്തിയ പൊലീസുകാർക്കെതിരെ പ്രതിഷേധക്കാർ കല്ലെറിയുകയും വാഹനങ്ങൾ തീയിടുകയും ചെയ്തിരുന്നു. പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. അഞ്ചിലധികം ആളുകൾ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. കോടതി ഉത്തരവോടെ പള്ളിയിൽ സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. മുസ്ലീം പള്ളി യഥാർഥത്തിൽ ഹിന്ദു ക്ഷേത്രമാണെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് കോടതി സർവേയ്ക്ക് ഉത്തരവിട്ടത്.


ഷാഹി ജമാ മസ്ജിദിൽ ഇതാദ്യമായിട്ടല്ല സർവേ നടത്തുന്നത്. ഈ മാസം 19നും ഉദ്യോഗസ്ഥർ സർവേ നടപടികൾക്കെത്തിയിരുന്നു. നിലവിൽ തർക്കം നിലനിൽക്കുന്ന പള്ളിയുടെ സ്ഥാനത്ത് മുമ്പ് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും, മുഗൾ രാജാവ് ബാബർ 1529 കാലഘട്ടത്തിൽ ക്ഷേത്രം ഭാഗികമായി തകർത്തുവെന്നുമാണ് ഹർജിക്കാരൻ്റെ പരാതി.

News Malayalam 24x7
newsmalayalam.com