
പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്ന സാഹചര്യത്തിൽ ലബനനിലെ മാധ്യമപ്രവർത്തകർക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ അൽ മയാദീൻ, അൽ മനാർ എന്നീ ചാനലുകളിലെ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഇവർ ഇസ്രയേലിൻ്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ കാണിച്ചിരുന്നെന്നും ഇതാണ് ഇസ്രയേൽ പ്രകോപനത്തിന് കാരണമെന്നും ലബനൻ ഇൻഫോർമേഷൻ മന്ത്രി സിയാദ് മകാരി ഔദ്യോഗിക എക്സ് പോസ്റ്റിൽ കുറിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു ആക്രമണം. ഉറങ്ങാൻ കിടന്ന മാധ്യമപ്രവർത്തകർക്ക് നേരെയായിരുന്നു ഇസ്രയേൽ ബോംബ് വർഷിച്ചത്. ഏഴ് മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 18 മാധ്യമപ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നു. ഇറാൻ അനുകൂല വാർത്താ ഏജൻസിയായ അൽ മയാദീനിൽ പ്രവർത്തിച്ച ക്യാമറാമാൻ ഗസ്സൻ നജ്ജാർ, എഞ്ചിനീയർ മുഹമ്മദ് റെഡ, ഹിസ്ബുള്ളയുടെ അൽ മനാറിനായി പ്രവർത്തിച്ച ഒരു ക്യാമറാമാൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അൽ മയാദീൻ റിപ്പോർട്ട് ചെയ്തു.
മാധ്യമപ്രവർത്തകരെ ഉറക്കത്തിൽ കൊലപ്പെടുത്താനായി അവർ രാത്രി ഉറങ്ങുന്നത് വരെ ഇസ്രയേൽ കാത്തിരുന്നെന്ന് ലബനൻ ഇൻഫോർമേഷൻ മന്ത്രി സിയാദ് മകാരി പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അവർ യുദ്ധമുഖത്തെ വാർത്തകളും ഇസ്രയേലിൻ്റെ ക്രൂരതകളും കൃത്യമായി കവർ ചെയ്തിരുന്നു. ഏഴ് മാധ്യമ സംഘടനകളെ പ്രതിനിധീകരിച്ച് 18 പത്രപ്രവർത്തകർ സംഭവസ്ഥലത്തുണ്ടായിരുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ബോധപൂർവമായ വ്യോമാക്രമണമാണ് ഇതെന്ന് സിയാദ് മകാരി ആരോപിച്ചു. ഇതൊരു യുദ്ധക്കുറ്റമാണെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ബെയ്‌റൂട്ടിൻ്റെ തെക്ക് ഭാഗത്ത് ജനവാസപ്രദേശത്ത് സ്ഥിതി ചെയ്യുന്ന അൽ-മയദീൻ ഓഫീസിൽ ആക്രമണം നടത്തി 24 മണിക്കൂറുകൾക്ക് ശേഷമാണ് ലബനനിലെ ആക്രമണം. ബെയ്റൂട്ടിലെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടിയടക്കം അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കമ്മിറ്റി ടു പ്രൊടക്ട് ജേർണലിസ്റ്റിൻ്റെ(സിപിജെ) റിപ്പോർട്ട് പ്രകാരം ഗാസ യുദ്ധം ആരംഭിച്ചത് മുതൽ കുറഞ്ഞത് 128 മാധ്യമ പ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 1992ൽ സിപിജെ കണക്കെടുക്കാൻ ആരംഭിച്ചത് മുതലുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 123 പേർ പലസ്തീൻകാരും രണ്ട് ഇസ്രയേലികളും മൂന്ന് ലബനീസുകാരുമാണ് കൊല്ലപ്പെട്ടത്.