സിവില്‍ ജഡ്ജാകാന്‍ നിയമ ബിരുദം മാത്രം പോരാ, മൂന്ന് വര്‍ഷം പ്രാക്ടീസും നിര്‍ബന്ധം: സുപ്രീം കോടതി

മൂന്ന് വര്‍ഷം പ്രാക്ടീസ് നടത്തിയെന്ന് തെളിയിക്കുന്നതിനായി മത്സരാര്‍ഥികള്‍ ഒന്നുകില്‍ പ്രിന്‍സിപ്പല്‍ ജുഡീഷ്യല്‍ ഓഫീസറുടെ പക്കല്‍ നിന്നോ അല്ലെങ്കില്‍ പത്ത് വര്‍ഷം പ്രാക്ടീസ് ഉള്ള അഭിഭാഷകനില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യണം.
സിവില്‍ ജഡ്ജാകാന്‍ നിയമ ബിരുദം മാത്രം പോരാ, മൂന്ന് വര്‍ഷം പ്രാക്ടീസും നിര്‍ബന്ധം: സുപ്രീം കോടതി
Published on

സിവില്‍ ജഡ്ജാവാന്‍ തയ്യാറെടുക്കുന്ന അഭിഭാഷകര്‍ക്ക് മൂന്ന് വര്‍ഷം പ്രാക്ടീസ് നിര്‍ബന്ധമെന്ന വ്യവസ്ഥ പുനഃസ്ഥാപിച്ച് സുപ്രീം കോടതി. അഭിഭാഷകനായി എൻ‍റോള്‍ ചെയ്ത സമയം മുതലുള്ള കാലയളവ് പ്രാക്ടീസ് ആയി കണക്കാക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ജുഡീഷ്യല്‍ റിക്രൂട്ട്‌മെന്റിന് ഇത് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ഭാവിയിലെ നിയമനങ്ങള്‍ക്കാകും ഇത് ബാധകമാവുക.

'സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ മൂന്ന് വര്‍ഷം പ്രാക്ടീസ് നടത്തണമെന്ന് രീതിയിലേക്ക് എല്ലാ ഹൈക്കോടതികളും സംസ്ഥാന സര്‍ക്കാരുകളും സര്‍വീസ് റൂള്‍ ഭേദഗതി ചെയ്യണം,' സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് എ.ജി. മാസിഹ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

മൂന്ന് വര്‍ഷം പ്രാക്ടീസ് നടത്തിയെന്ന് തെളിയിക്കുന്നതിനായി മത്സരാര്‍ഥികള്‍ ഒന്നുകില്‍ പ്രിന്‍സിപ്പല്‍ ജുഡീഷ്യല്‍ ഓഫീസറുടെ പക്കല്‍ നിന്നോ അല്ലെങ്കില്‍ പത്ത് വര്‍ഷം പ്രാക്ടീസ് ഉള്ള അഭിഭാഷകനില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യണം.

അതേസമയം സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ പ്രാക്ടീസ് ചെയ്യുന്ന ഒരാള്‍ക്ക് കോടതി അംഗീകരിച്ച, പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും തെളിവായി നല്‍കാന്‍ സാധിക്കും.

നിയമ ക്ലര്‍ക്കായുള്ള പരിചയവും മൂന്ന് വര്‍ഷത്തെ പ്രാക്ടീസ് ആയി കണക്കാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2002ലാണ് മികച്ച ആളുകളെ സര്‍വീസില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തെ ഏക്‌സ്പീരിയന്‍സ് എന്ന നിബന്ധന ഒഴിവാക്കിയത്. എന്നാല്‍ അതിന് ശേഷവും എന്‍ട്രി ലെവല്‍ ജുഡീഷ്യല്‍ സര്‍വീസിലേക്കുള്ള നിയമനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമം പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com