
സൈബർ അടിമകളായി വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത് 30,000 ത്തോളം ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഇതിൽ 2,659 മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. മികച്ച ജോലി പ്രതീക്ഷിച്ച് എത്തുന്ന ഇവരെ സൈബർ കുറ്റകൃതങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ആഭ്യന്തര വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.
കംബോഡിയ, തായ്ലൻഡ്, മ്യാൻമർ വിയറ്റ്നാം തുടങ്ങിയ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് വിസിറ്റിങ് വിസയിൽ പോയ 29,466 ഇന്ത്യക്കാർ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 ജനുവരിക്കും 2024 മെയ് മാസത്തിനും ഇടയിൽ യാത്രചെയ്തവരുടെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പകുതിയിലധികവും 20 നും 39 നും ഇടയിൽ പ്രായമുള്ള ആളുകളാണ്. ഇതിൽ ഭൂരിഭാഗം പേരും പുരുഷൻമാരാണ്.
പഞ്ചാബ്, മഹാരാഷ്ട്ര തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ മൂന്നിൽ ഒരുഭാഗവും. ഇതിൽ കേരളത്തിൽ നിന്നുള്ള 2,659 ആളുകൾ ഉൾപ്പെട്ടിരിക്കുന്നു. ഇത്തരം കേസുകളുടെ 69 ശതമാനവും റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് തായ്‌ലന്‍ഡിലാണ്. ഇവിടെ മാത്രം 20,450 പേരെ കാണാതായി. മികച്ച ശമ്പളത്തിൽ വിദേശത്ത് ജോലി എന്ന ഓഫറിൽ പെട്ട് പോയവരാണ് ഇവരിൽ പലരും.
ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും ഇവരെകൊണ്ട് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിപ്പിക്കുന്നു. ജോലിക്കായെത്തുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ ആദ്യം തന്നെ തട്ടിപ്പ് സംഘങ്ങള്‍ പിടിച്ചെടുക്കുന്നു . തുടർന്ന് ഇന്ത്യാക്കാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ് നടത്താനുള്ള ഫോൺ കോളുകള്‍ ചെയ്യാന്‍ ഇവരെ നിർബന്ധിതരാക്കുന്നു. ഇതില്‍ മിക്ക കോളുകളും ഹണിട്രാപ്പ് പോലുള്ളവയാണ്. ഇവരോട് സാമൂഹ്യ മാധ്യമങ്ങളില്‍ സ്‌ത്രീകളുടെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നതായും പിന്നീട് ക്രിപ്റ്റോ കറന്‍സി നിക്ഷേപം, ഡേറ്റിങ് സൈറ്റുകൾ ഉൾപ്പെടെ തട്ടിപ്പുകള്‍ നടത്തുന്നതായും റിപ്പോർട്ടുണ്ട്. ഇരകള്‍ ഒരിക്കല്‍ പണം നിക്ഷേപിച്ച് കഴിഞ്ഞാല്‍ പിന്നെ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതാണ് തട്ടിപ്പ് രീതി.
തെക്ക് കിഴക്കൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ കണ്ടെത്തിയിരുന്നു. ഇന്ത്യക്കാരെ ലക്ഷ്യമിട്ടിള്ള 45 ശതമാനത്തിലധികവും സൈബർ തട്ടിപ്പുകളുടെയും ഉറവിടവും ഈ മേഖലയാണ്. 2023 ജനുവരി വരെ 1 ലക്ഷത്തിലധികം സൈബർ തട്ടിപ്പ് പരാതികളാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ഫയൽ ചെയ്തത്.
ബ്യൂറോ ഓഫ് ഇമിഗ്രേഷൻ കണ്ടെത്തിയ വിവരങ്ങൾ എൻഐഎ സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികൾക്കും കൈമാറിയിട്ടുണ്ട്. അതിനിടെ കംബോഡിയയിൽ കുടുങ്ങിയ 67 ഇന്ത്യക്കാരെ ഇന്ത്യൻ എംബസി രക്ഷിച്ചുവെന്ന വാർത്തയും പുറത്തു വന്നിരുന്നു. 2022 മുതൽ ആയിരത്തിലേറെ പേരെയാണ് കംബോഡിയിൽ നിന്ന് മാത്രം ഇന്ത്യൻ എംബസി ഇടപെട്ട് മോചിപ്പിച്ചത്.