
മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ ഓർമ്മയായിട്ട് ഇന്നേക്ക് 33 വർഷം. അധികാര ഗർവില്ലാത്ത, മിതഭാഷിയായ നേതാവായാണ് ചേലാട്ട് അച്യുതമേനോൻ അറിയപ്പെട്ടിരുന്നത്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങൾ വന്ന കാലമായി അദ്ദേഹത്തിൻ്റെ ഭരണകാലം ഓർമിക്കപ്പെടുന്നു. അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിക്കു പിന്തുണകൊടുത്തു ഭരിച്ചു എന്ന വിമർശനവും അച്യുതമേനോന് നേരിടേണ്ടി വന്നിട്ടുണ്ട്.
1935ൽ പഠനശേഷം അഭിഭാഷകനായിട്ടായിരുന്നു അച്യുതമേനോൻ്റെ തുടക്കം. പിന്നാലെ കോണ്‍ഗ്രസിലൂടെ അദ്ദേഹം പൊതുപ്രവർത്തനത്തിലേക്കെത്തി. 1941-ൽ ബ്രിട്ടീഷ് വിരുദ്ധ പ്രസംഗത്തിൻ്റെ പേരിൽ ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. 1942ല്‍ അദ്ദേഹം കോൺഗ്രസിൽ നിന്ന് സിപിഐയിലേക്ക് ചേക്കേറി. പിന്നെ പലതവണയായി ഒളിവ് ജീവിതവും തടവുമായിരുന്നു. 1952-ല്‍ തിരു-കൊച്ചിയിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . 1957ല്‍ ഇ.എം.എസ് മന്ത്രിസഭയില്‍ ധനമന്ത്രിയായി. 1964-ല്‍ കമ്യുണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ അച്യുതമേനോൻ സിപിഐയുടെ ഭാഗം ചേർന്നു. 1969-ല്‍ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചിത്. 1970-ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷവും അച്യുതമേനോന്‍ തന്നെ മുഖ്യമന്ത്രിയായി തുടർന്നു. അതും ഏഴുവർഷം മാറ്റമില്ലാതെ.
കേരള നിയസഭയിൽ ആദ്യ ബജറ്റ് പ്രഖ്യാപനം , ആദ്യമായി തുടർഭരണമെന്ന റെക്കോഡ്, കോൺഗ്രസ് മന്ത്രിമാരുള്ള ക്യാബിനറ്റില്‍ മുഖ്യമന്ത്രിയായിരുന്ന കമ്മ്യൂണിസ്റ്റുകാരനെന്ന അത്യപൂർവത. ഇവയെല്ലാം ചേലാട്ട് അച്യുതമേനോന് സ്വന്തമാണ്. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത രാജനെ കാണാതായപ്പോൾ വേണ്ടവിധം ഇടപെട്ടില്ലെന്ന വിമർശനവും പിന്നീടുള്ള കാലം നേതാവ് നേരിട്ടു. മുഖ്യമന്ത്രി കസേരയിൽ നിന്നിറങ്ങിയതോടെ തൃശൂരിൽ സാധാരണക്കാരനായി ജീവിതം തുടർന്നു. എഴുപത്തിയെട്ടാം വയസ്സിലായിരുന്നു കേരളം കണ്ട വേറിട്ട മുഖ്യമന്ത്രിയുടെ വിടവാങ്ങൽ.