കേരള ചരിത്രത്തിലെ കറുത്തദിനം; പെരുമൺ ദുരന്തത്തിൻ്റെ ഓർമകൾക്ക് 36 വയസ്സ്

ട്രെയിൻ കൊല്ലത്തെ പെരുമൺ പാലത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്ന് സംഭവിച്ചത്
കേരള ചരിത്രത്തിലെ കറുത്തദിനം;
പെരുമൺ ദുരന്തത്തിൻ്റെ ഓർമകൾക്ക് 36 വയസ്സ്
Published on

1988 ജൂലൈ 8ന് ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബാംഗ്ലൂർ- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്. ട്രെയിൻ കൊല്ലത്തെ പെരുമൺ പാലത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്ന് സംഭവിച്ചത്...

ഉച്ചയ്ക്ക് രണ്ടരയോടെ പെരുമൺ പാലത്തിൻ്റെ മധ്യത്തിലെത്തിയപ്പോൾ, ഐലൻഡ് എക്സ്പ്രസിൻ്റെ പത്ത് ബോഗികൾ അഷ്ടമുടി കായലിലേക്ക്‌ കൂപ്പുകുത്തി. ആദ്യം ഓടിയെത്തിയ നാട്ടുകാരും സന്നദ്ധ സംഘടനകളും ജീവൻ മറന്ന് രക്ഷാപ്രവർത്തനം നടത്തി. എന്നിട്ടും, പിഞ്ചു കുട്ടികളും രക്ഷാപ്രവർത്തനത്തിന് എത്തിയവരുമടക്കം 105 ജീവനുകള്‍ ആ അപകടത്തിൽ പൊലിഞ്ഞു. തീർത്തും അപരിചിതരായവർ, പ്രതീക്ഷകളും ആഗ്രഹങ്ങളുമായി ഐലൻഡ് എക്സ്പ്രസിൽ യാത്ര തിരിച്ചവർ... ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ആ മനുഷ്യർക്കായില്ല... നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണം, ഇരുനൂറിലധികം പേർ പരിക്കുകളോടെ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തി.

എന്തുകൊണ്ട് പെരുമൺ ദുരന്തം എന്നതിന് പിന്നീട് നിരവധി കാരണങ്ങൾ പിറന്നു. പാളം തെറ്റിയിട്ടും എൻജിൻ കുതിക്കവെ, പരിചയസമ്പന്നനല്ലാത്ത ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോ​ഗിച്ചതായിരിക്കാം കാരണമെന്ന് ഫൊറൻസിക് വിദഗ്ധൻ റെയിൽവേക്ക് റിപ്പോർട്ട് സമർപ്പിച്ചു. ലോക്കോ പൈലറ്റിന്റെ മൊഴിയും ഇത് ശരിവെച്ചു. എന്നാൽ, ആരും കാണാതെ, ആരെയും തൊടാതെ ഐലൻഡ് എക്സ്പ്രസിനെ മാത്രം തട്ടി, അതിലെ യാത്രക്കാരുടെ ജീവൻ അപഹരിച്ച ടൊർണാഡോ ചുഴലിക്കാറ്റാണ് രേഖകളിലെ വില്ലൻ.

36 വർഷങ്ങൾക്കിപ്പുറവും അജ്ഞാതമായി തുടരുകയാണ് പെരുമൺ ദുരന്തത്തിൻ്റെ യഥാ‍ർത്ഥ കാരണം. ചരിത്രത്തിലെ കറുത്ത ദിനമായ പെരുമൺ ദുരന്തത്തിന്റെ ഞെട്ടല്‍ ഇന്നും കേരള ജനതയിൽ അവശേഷിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com