
ജോലി തേടിയെത്തിയ യുവാവിൻ്റെ പാൻകാർഡ് ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തിയതായി പരാതി. കൊല്ലം കിളികൊല്ലൂർ സ്വദേശി സുമേഷിൻ്റെ പാൻകാർഡ് ഉപയോഗിച്ച് തട്ടിപ്പ്. വ്യാജ രജിസ്‌ട്രേഷന്‍ എടുത്ത് ആറ് കോടിയിലധികം രൂപയുടെ നികുതി വെട്ടിച്ചതായി ജിഎസ്ടി വകുപ്പ് കണ്ടെത്തി. പാന്‍കാര്‍ഡിൻ്റെ പകര്‍പ്പ് ഉപയോഗിച്ച് ഇ-വേസ്റ്റ് വ്യാപാരത്തിനുള്ള ജി.എസ്.ടി. രജിസ്‌ട്രേഷന്‍ തരപ്പെടുത്തിയാണ് സമാനതകളില്ലാത്ത തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ജോലി ഒഴിവുണ്ടെന്ന പരസ്യംകണ്ട് അപേക്ഷിച്ച കിളികൊല്ലൂര്‍ സ്വദേശി സുമേഷിൻ്റെ പാന്‍കാര്‍ഡിൻ്റെ പകര്‍പ്പ് ഉപയോഗിച്ചാണ് കോടികളുടെ നികുതി തട്ടിപ്പ് നടത്തിയിരിക്കുന്നത്. സുമേഷിൻ്റെ പേരില്‍ രജിസ്‌ട്രേഷന്‍ എടുത്ത് ആക്രിസാധനങ്ങള്‍ വില്‍ക്കാതെ 33 ഇ-വേ ബില്ലുകള്‍ വഴി 6.02 കോടിയുടെ കച്ചവടം നടത്തിയതായി രേഖയുണ്ടാക്കി. അഞ്ച് അന്തര്‍ സംസ്ഥാന ഇ-വേ ബില്ലുകള്‍വഴി 17.08 ലക്ഷം രൂപയുടെ ഇ-വേസ്റ്റ് ഡല്‍ഹിയിലേക്ക് അയക്കുകയും ചെയ്തു. രേഖകളില്‍ മാത്രമുള്ള വ്യാജക്കച്ചവടം വഴി 18 ശതമാനം നികുതി തട്ടിപ്പുകാര്‍, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ആയി തട്ടിയെടുക്കുകയും ചെയ്തു. ജിഎസ്ടി വകുപ്പ് അധികൃതര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് തൻ്റെ പേരില്‍ കോടികളുടെ ഇടപാട് നടന്ന വിവരം സുമേഷ് അറിഞ്ഞത്. ഇതോടെ പരാതി നല്‍കുകയായിരുന്നു. കൊല്ലം കരിക്കോടുള്ള സ്പെയർ പാർട്സ് കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവായ സുമേഷാണ് തട്ടിപ്പിനിരയായത്.
പരാതി നൽകിയ ശേഷവും രണ്ട് ഇ-വേ ബില്ലുകൾ സുമേഷിൻ്റെ ഇല്ലാത്ത സ്ഥാപനത്തിൻ്റെ പേരിൽ എടുത്തിട്ടുണ്ട്. പട്ടാമ്പിയിൽ നിന്ന് ഡല്‍ഹിക്ക് ഇ-വേസ്റ്റ് കൊണ്ടുപോകാനുള്ളതാണ് പുതിയ ബിൽ. 3.41 ലക്ഷം രൂപയുടെ സാധനങ്ങള്‍ കൊണ്ടുപോകുന്നെന്നാണ് പറഞ്ഞിരിക്കുന്നത്. തട്ടിപ്പ് നടത്തി ഈ വേസ്റ്റുമായി പോകുന്ന വാഹനം തമിഴ്നാട് ചെക് പോസ്റ്റ് പിന്നിട്ട് ദില്ലിക്ക് സഞ്ചരിക്കുകയാണ്. സൈബര്‍ കുറ്റകൃത്യമായതിനാല്‍ ജി.എസ്.ടി.വകുപ്പിന് അന്വേഷിക്കാനും പരിമതിയുണ്ട്. സംഭവത്തിൽ സുമേഷ് സൈമ്പർ പൊലീസിനും പരാതി നൽകിയിട്ടുണ്ട്.