
കോഴിക്കോട് പയ്യോളിയിൽ ഇന്നോവയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. കാറിൽ ഉണ്ടായിരുന്ന ന്യൂ മാഹി സ്വദേശി പ്രഭാകരൻ്റെ ഭാര്യ റോജ, മാഹി സ്വദേശി പുന്നോൽ രവീന്ദ്രൻ്റെ ഭാര്യ ജയവല്ലി, പാറമ്മൽ രാജീവൻ്റെ ഭാര്യ രഞ്ജി, അഴിയൂർ സ്വദേശി ഷിഗിൻ ലാൽ, എന്നിവരാണ് മരിച്ചത്. കാറിൽ ഒരു കുട്ടിയടക്കം ആറ് യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇതിൽ ചേതമംഗലം സ്വദേശി സത്യൻ്റെ പരിക്ക് ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
വടകര ദേശീയ പാതയിൽ മൂരാട് വെച്ചാണ് അപകടം ഉണ്ടായത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ട്രാവലറും പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ട്രാവലറിൻ്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.