
യുഎസിലെ ടെക്‌സാസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടർന്ന് അവർ സഞ്ചരിച്ചിരുന്ന എസ്‌യുവിയിൽ തീപിടിക്കുകയും അവരുടെ ശരീരം കത്തിയമരുകയും ചെയ്തു. ഇവരുടെ ഐഡൻ്റിറ്റി സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാർള, ധർഷിനി വാസുദേവൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഡാലസിലെ ബന്ധുവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ആര്യൻ രഘുനാഥ് ഒരമ്പട്ടിയും സുഹൃത്ത് ഫാറൂഖ് ഷെയ്ക്കും. ഭാര്യയെ കാണാൻ ബെൻ്റൺവില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ് പാലച്ചാർള. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി യുഎസിൽ ജോലി ചെയ്തിരുന്ന ധർഷിണി വാസുദേവൻ ബെൻ്റൺവില്ലിലുള്ള ബന്ധുവിനെ കാണാൻ പോവുകയായിരുന്നു.
ഒരു കാർപൂളിംഗ് ആപ്പ് വഴി യാത്ര ചെയ്യാൻ തീരുമാനിച്ചതിനാൽ ഇവരെ തിരിച്ചറിയാൻ അധികൃതർക്ക് സഹായകരമായി. ദർശിനി വാസുദേവൻ്റെ പിതാവ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ മൂന്ന് ദിവസം മുമ്പ് ട്വിറ്റർ പോസ്റ്റിൽ ടാഗ് ചെയ്യുകയും മകളെ കണ്ടെത്താൻ സഹായം തേടുകയും ചെയ്തിരുന്നു.