
ബിഹാറിൽ ദുർഗാപൂജ പന്തലിലുണ്ടായ വെടിവെപ്പിൽ നാല് പേർക്ക് പരുക്ക്. രണ്ട് ബൈക്കുകളിലായി എത്തിയ ആക്രമികൾ ദുർഗാപൂജ പന്തലിലെത്തി വെടിയുതിർക്കുകയും തുടർന്ന് രക്ഷപ്പെടുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്നും പൊലീസ് രണ്ട് വെടിയുണ്ടകൾ കണ്ടെത്തിയിട്ടുണ്ട്.
വെടിവെപ്പിൽ അർമൻ അൻസാരി(19), സുനിൽ കുമാർ യാദവ്(26), റോഷൻ കുമാർ(25), സിപാഹി കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഉടൻ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വയറിൽ വെടിയേറ്റ രണ്ട് പേരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.