
വിദേശത്തുള്ള ജോലിയും പഠനവും കഴിഞ്ഞാൽ പൊതുവെ ആളുകളുടെ അടുത്ത ചോയ്സ് ബെംഗളൂരു അടക്കമുള്ള മെട്രോ നഗരങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ജോലി സാധ്യതകളും ഫ്രണ്ട്സുമെത്തുള്ള വീക്കൻഡ് ഹാങ്ഔട്ടും ഒക്കെയാണ് പലരുടെയും ബെംഗളൂരു സ്വപ്നങ്ങൾ. എന്നാൽ മികച്ച ജോലിയും ഉയർന്ന ശമ്പളവും ലഭിച്ചിട്ടും ബെംഗളൂരു പോലൊരു നഗരത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടാത്ത ഒരു കോർപ്പറേറ്റ് ജീവനക്കാരൻ്റെ കുറിപ്പാണ് സാമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.
40 ശതമാനം ശമ്പള വർധനവിനാണ് പൂനെയിൽ നിന്നും ഇയാൾ ബെംഗളൂരുവിലേക്ക് താമസം മാറിയത്. അതായത് പൂനെയിൽ പ്രതിവർഷം 18 ലക്ഷം രൂപ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ ബെംഗളൂരുവിൽ ലഭിക്കുന്നത് 25 ലക്ഷം രൂപയാണ്. എന്നാൽ പുതിയ ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിനിപ്പുറം, ബെംഗളൂരുവിലേക്ക് മാറിയതിൽ തനിക്ക് നിരാശയുണ്ടെന്ന് പറഞ്ഞതായാണ് അദ്ദേഹത്തിന്റെ സുഹൃത്ത് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറയുന്നത്.
"ഞാൻ പൂനെയിൽ നിന്ന് മാറേണ്ടിയിരുന്നില്ല. പൂനെ വളരെ മികച്ചതായിരുന്നു, വർഷം 25 ലക്ഷം രൂപ ബെംഗളൂരുവിൽ ഒന്നുമല്ലെന്ന് തോന്നുന്നു." എന്നാണ് അയാൾ പറഞ്ഞതെന്ന് സുഹൃത്ത് പോസ്റ്റിൽ പറയുന്നു. എന്തുകൊണ്ടാണ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ ബെംഗളൂരുവിലെ ചെലവുകൾ ശമ്പളത്തേക്കാൾ വളരെ കൂടുതലാണെന്നായിരുന്നു ലഭിച്ച മറുപടി. "ബെംഗളൂരുവിൽ വാടക വളരെ കൂടുതലാണ്. വീട്ടുടമസ്ഥർ പിശുക്കന്മാരാണ്, ഡെപ്പോസിറ്റായി മൂന്ന്-നാല് മാസത്തെ വാടകയാണ് ചോദിക്കുന്നത്. ഗതാഗതം സംവിധാനങ്ങൾ മോശമാണ്. യാത്രാച്ചെലവും വളരെ കൂടുതലാണ്. പൂനെയിൽ 15 രൂപയ്ക്ക് ലഭിച്ചിരുന്ന വട പാവ് തനിക്ക് നഷ്ടമായി. അവിടെ ജീവിതവും, സമ്പാദ്യവും ഇവിടുത്തേതിനേക്കാൾ മെച്ചപ്പെട്ടതായിരുന്നു." പോസ്റ്റിൽ പറയുന്നു. നിങ്ങൾക്ക് ഏത് നഗരമാണ് ഇഷ്ടം എന്ന ചോദ്യത്തോടെയാണ് സുഹൃത്ത് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സമ്മിശ്രമായ അഭിപ്രായങ്ങളാണ് പോസ്റ്റിന് കമൻ്റായി വരുന്നത്. കുറിപ്പിനോട് പൂർണമായി യോജിക്കുന്നതായി ചിലർ പറഞ്ഞപ്പോൾ, ബെംഗളൂരുവിനെ ന്യായീകരിച്ചും പലരും രംഗത്തെത്തി. എട്ട് വർഷം പൂനെയിൽ താമസിച്ചിരുന്നെന്നും അവിടെ താങ്ങാനാവുന്ന ജീവിത ചെലവുകൾ ആണെന്നും എന്തുകൊണ്ടും മികച്ച അന്തരീക്ഷമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ പണം മാനേജ് ചെയ്യാൻ അറിയാത്തതിൻ്റെ പ്രശ്നമാണിതെന്നും ചെറിയ ശമ്പളത്തിൽ പോലും ബെംഗളൂരുവിൽ സന്തുഷ്ടരാണെന്നുമാണ് ചിലരുടെ പക്ഷം. അവസരങ്ങളും അനുഭവങ്ങളും നിറഞ്ഞ നഗരമാണ് ബെംഗളൂരുവെന്നും ഇവർ വാദിക്കുന്നുണ്ട്. ബെംഗളൂരു ഒരുപക്ഷെ താരതമ്യേന ജീവിത ചെലവ് കൂടിയ നഗരം തന്നെയായിരിക്കും. എന്നാലും വർഷം 25 ലക്ഷം രൂപ സമ്പാദിക്കുന്ന ഒരു കോർപ്പറേറ്റ് ജീവനക്കാരന് ബെംഗളൂരു അത്രയ്ക്ക് കടുപ്പമായിരിക്കുമോ? എന്താണ് നിങ്ങളുടെ അഭിപ്രായം.