നാൽപ്പതിൻ്റെ നിറവിൽ റൊണാൾഡോ... 33ലേക്ക് കടന്ന് നെയ്മർ; ഫുട്ബോൾ ഇതിഹാസങ്ങൾക്ക് ഇന്ന് പിറന്നാൾ മധുരം

ഫുട്ബോൾ മൈതാനത്ത് മാന്ത്രിക കാലുകൾ കൊണ്ട് ഇവർ തീർത്ത അഴകിന് വാക്കുകളില്ല. ഫുട്ബോളിൽ പകരംവയ്ക്കാനില്ലാത്ത അതുല്യ പ്രതിഭകൾക്ക് പിറന്നാൾ ആശംസകൾ
നാൽപ്പതിൻ്റെ നിറവിൽ റൊണാൾഡോ... 33ലേക്ക് കടന്ന് നെയ്മർ; ഫുട്ബോൾ ഇതിഹാസങ്ങൾക്ക് ഇന്ന് പിറന്നാൾ മധുരം
Published on


ഫുട്ബോളിലെ രണ്ട് ഇതിഹാസങ്ങളുടെ പിറന്നാൾ ദിനമാണ് ഇന്ന്... പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീലിയൻ താരം നെയ്മർ ജൂനിയറും. വിശ്വ കിരീടം നേടാനായില്ലെങ്കിലും ഫുട്ബോളിൽ പകരം വെയ്ക്കാനില്ലാത്ത പ്രതിഭകളാണ് റോണോയും നെയ്മറും. ലോക ഫുട്ബോളിൽ ഏറ്റവും അധികം ആരാധകരുള്ള രണ്ട് താരങ്ങൾക്ക് ഇന്ന് പിറന്നാൾ മധുരം. പ്രായത്തെ മനക്കരുത്ത് കൊണ്ട് കീഴടക്കിയ പോർച്ചുഗീസ് പോരാളി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് 40ാം വയസിലേക്കും, നെയ്മർ ജൂനിയർ എന്ന കാൽപന്തു കളിയുടെ ബ്രസീലിയൻ രാജകുമാരൻ ഇന്ന് 33ലേക്കും കടക്കുന്നു. ഫുട്ബോൾ മൈതാനത്ത് മാന്ത്രിക കാലുകൾ കൊണ്ട് ഇവർ തീർത്ത അഴകിന് വാക്കുകളില്ല. ഫുട്ബോളിൽ പകരംവയ്ക്കാനില്ലാത്ത അതുല്യ പ്രതിഭകൾക്ക് പിറന്നാൾ ആശംസകൾ.



അരങ്ങേറ്റം കുറിച്ച് രണ്ട് ദശാബ്ദം പിന്നിട്ടിട്ടും ഇന്നും സൗദി നഗരികളെ ഫുട്ബോൾ ആവേശത്തിലാഴ്ത്തുകയാണ് റൊണാൾഡോ. അൽ നസ്സറിനായി ബുട്ടണിയുന്ന റോണോ പ്രായം തളർത്താത്ത പോരാളിയായി ഗോൾവേട്ട തുടരുന്നു. 2003ൽ സ്പോർടിങ് ലിസ്ബണിനായി പന്തു തട്ടിയായിരുന്നു ക്രിസ്റ്റ്യാനോയുടെ തുടക്കം. പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി. യുണൈറ്റഡിൻ്റെ ചുവന്ന ജേഴ്സിയിൽ നിറഞ്ഞാടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായി.

2009ല്‍ ഫുട്‌ബോള്‍ ട്രാൻസ്ഫർ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ട് റൊണാള്‍ഡോ ബെര്‍ണബ്യൂവിലേക്ക് ചേക്കേറി. മാഡ്രിഡ് കാലത്ത് ഒന്നിലധികം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും റൊണാൾഡോ കൈപിടിയിലാക്കി. ലാലിഗ കിരീടം, ചാംപ്യൻസ് ലീഗ് കിരീടം എന്നിങ്ങനെ ഒട്ടനവധി നേട്ടങ്ങളുമായാണ് റയലിലെ സുവർണകാലത്തോട് ക്രിസ്റ്റ്യാനോ വിട പറഞ്ഞത്. പിന്നാലെ യുവൻ്റസിലേക്കും അൽ നസറിലേക്കും ക്രിസ്റ്റ്യാനോ ചേക്കേറി. പന്ത് തട്ടിയ ഭൂഖണ്ഡങ്ങളിലെല്ലാം റോണോ ഗോളടി തുടർന്നുകൊണ്ടേയിരുന്നു. 2016 യൂറോ കപ്പിലും 2018 നേഷൻസ് ലീഗ് കപ്പിലും പോർച്ചുഗലിനെ കിരീടത്തിൽ എത്തിച്ച നായകനാണ് റൊണാൾഡോ. അഞ്ച് ബാലൻഡിയോർ, അഞ്ച് ചാംപ്യൻസ് ലീഗ് കിരീടങ്ങൾ, ഫിഫ പ്ലെയർ ഓഫ് ദി ഇയർ, പുസ്കാസ് അവാർഡ്.. റൊണാൾഡോ വാരികൂട്ടിയ നേട്ടങ്ങൾ നിരവധിയാണ്.



നൈസർഗിക കാൽപന്ത് മികവുമായി എത്തി ഫുട്ബോളിൽ തൻ്റേതായ വ്യക്തിമുദ്ര പതിച്ച പന്താട്ടക്കാരൻ. ബ്രസീലിയൻ തെരുവുകളിൽ നിന്ന് ലോക ഫുട്ബോളിലേക്ക് ഓടിക്കയറിയ മാന്ത്രികൻ. ജോഗോ ബൊണിറ്റയുടെ സുന്ദരതാളങ്ങളുമായി ഫുട്ബോളിൽ കാൽപ്പനികത രചിച്ച നെയ്മർ ഡാ സിൽവ സാൻ്റോസ് ജൂനിയർ. 2009ൽ ബ്രസീലിയൻ ക്ലബ് സാൻ്റോസിലൂടെ അരങ്ങേറ്റം. അധികം വൈകാതെ ബ്രസീലിലെ അത്ഭുത ബാലൻ്റെ വരവ് ലോക ഫുട്ബോളിൽ ആളിപ്പടർന്നു. കാത്തിരിപ്പിന് ഒടുവിൽ 2013ൽ നെയ്മർ ക്യാംപ് നൗവിലെത്തി.

മെസ്സിക്കും സുവാരസിനും ഒപ്പം ലാലിഗയിൽ പന്ത് തട്ടിയ നെയ്മർ തൻ്റെ മനോഹരമായ പാദചലനങ്ങൾ കൊണ്ട് മായാജാലം തീർത്തു. പിന്നീട് പാരിസിലേക്കും, ശേഷം സൗദിയിലേക്കും നെയ്മർ ചേക്കേറി. തുടർച്ചയായ പരിക്കുകൾ നെയ്മറിനെ അലട്ടിക്കൊണ്ടിരുന്നു. പരിക്ക് കാരണം ദിവസങ്ങളും മാസങ്ങളും താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നു. സൗദി ക്ലബ് അൽ ഹിലാലിനായി വിരലിൽ എണ്ണാവുന്ന മത്സരങ്ങളിൽ മാത്രമാണ് നെയ്മർ ബൂട്ട് കെട്ടിയത്. ഒടുവിൽ കഴിഞ്ഞ വാരം പന്താട്ടം ആരംഭിച്ച ബാല്യകാല ക്ലബ്ബായ സാൻ്റോസിലേക്ക് തന്നെ നെയ്മർ മടങ്ങിയെത്തിയിരിക്കുകയാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com